ഇന്ത്യൻ ഈന്തപ്പഴം– അങ്ങനെയൊന്നുണ്ടോ? അറബ് നാടുകളിൽനിന്നു മാത്രമാണ് ഈന്തപ്പഴം ഇവിടെയെത്തുന്നതെന്ന ധാരണ ഇനി തിരുത്താം.
ഇന്ത്യയിലും ഈന്തപ്പനത്തോട്ടങ്ങളാകാമെന്നു തെളിയിച്ച ഒരു കൂട്ടം കൃഷിക്കാർ നമ്മുടെ രാജ്യത്തുണ്ട്. അവർക്കിടയിൽ ഒരു മലയാളിയും– പരപ്പനങ്ങാടി സ്വദേശി സാജിദ് തങ്ങൾ; പ്രശസ്തമായ പാണക്കാട് കുടുംബാംഗം.
പടിഞ്ഞാറ് അറബിക്കടലിന്റെ അക്കരെയല്ല, കിഴക്ക് സഹ്യപർവതത്തിന്റെ അങ്ങേപ്പുറത്ത് തമിഴ്നാട്ടിലെ വീരചോളൻ എന്ന സ്ഥലത്താണ് സാജിദിന്റെ ‘കേരളാ ഡേറ്റ്സ് ’ ഫാം.
കംപ്യൂട്ടർ എൻജിനീയറായ സാജിദിനെ ഈന്തപ്പനക്കൃഷിയിലേക്ക് ആകർഷിച്ചത് നാട്ടുകാരനായ ഒരു സുഹൃത്താണ്.
മലയാളനാട്ടിൽ ഇതുവരെ ആരും ചെയ്തിട്ടില്ലാത്തതും വിശ്വാസവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതുമായ ആശയമെന്ന നിലയിൽ ‘ഈന്തപ്പനകളുടെ തോട്ടം’ സാജിദിനെ ആവേശഭരിതനാക്കി.
തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലും മറ്റും അക്കാലത്ത് ഈന്തപ്പനക്കൃഷി ആരംഭിച്ചിരുന്നു. അവിടെ വിളവെടുത്തുതുടങ്ങിയ അൻപതേക്കർ സന്ദർശിച്ചതോടെ ഇന്ത്യയിലും ആദായകരമായി ഈന്തപ്പഴം ഉൽപാദിപ്പിക്കാനാകുമെന്ന് ബോധ്യപ്പെട്ടു.
വിദേശയാത്രകളിൽ ഈന്തപ്പനത്തോട്ടങ്ങൾ സന്ദർശിച്ചുള്ള പരിചയവും മുതൽക്കൂട്ടായി. താരതമ്യേന കുറഞ്ഞ വിലയുള്ളതും വരണ്ടതുമായ സ്ഥലം കണ്ടെത്തിയത് മധുരയിൽനിന്ന് 64 കി.മി. അകലെ രാമനാഥപുരത്തെ വീരചോളനിൽ.
സൂര്യപ്രകാശം സമൃദ്ധമായി കിട്ടുന്നതും വരണ്ട കാലാവസ്ഥയുള്ളതുമായ രാമനാഥപുരത്ത് നനസൗകര്യം ഉറപ്പായതോടെ ഈന്തപ്പന നടാൻ തീരുമാനിക്കുകയായിരുന്നു
ഇരുവരും ചേർന്ന് 55 ഏക്കർ കാലിസ്ഥലം വാങ്ങി 2013–14ൽ കൃഷി ആരംഭിച്ചു. ഇതിൽ 25 ഏക്കറിൽ മാത്രമേ ഇതുവരെ ഈന്തപ്പന നട്ടിട്ടുള്ളൂ. ഒരേക്കറിൽ 40 പന വീതം ആകെ ആയിരത്തോളം ഈന്തപ്പനകൾ ഇപ്പോൾ ഇവിടെയുണ്ട്.
ഗുജറാത്തിൽനിന്നാണ് ഈന്തപ്പനയുടെ രണ്ടടി വളർച്ചെയെത്തിയ ടിഷ്യുകൾചർ തൈകൾ കൊണ്ടുവന്നത്. ബർഹി, ഹരേസി, അജുവാ, ഹലാസ്, സഖായി എന്നിങ്ങനെ അഞ്ചിനം തൈകളാണ് വാങ്ങിനട്ടത്. ഇതിൽ 98 ശതമാനവും ബർഹി തന്നെ.
ഒരു തൈക്ക് 6,000 രൂപയോളം വിലയായി. തൈകൾ വാങ്ങിയ അതുൽ കമ്പനിയിൽ നിന്നുതന്നെ കൃഷി സംബന്ധമായ സാങ്കേതികോപദേശങ്ങളും കിട്ടിയിരുന്നു.
ഗുജറാത്ത്– രാജസ്ഥാൻ മേഖലയിൽ ഈ ബഹുരാഷ്ട്ര കമ്പനിയുടെ മേൽനോട്ടത്തിൽ ആയിരക്കണക്കിന് ഏക്കർ ഈന്തപ്പനത്തോട്ടങ്ങളാണ് ഉയർന്നു വരുന്നത്.