നഴ്സിങ് പഠിച്ച് ഗള്‍ഫില്‍ നഴ്സായി ജോലി ചെയ്തിരുന്ന വയനാട് മാനന്തവാടി കാട്ടിക്കുളം മാവറ പ്രിയ ജിനേഷ് ഇന്ന് മുഴുവൻ സമയ കർഷകയാണ്.
ഭർത്താവിനും മക്കൾക്കുമൊപ്പം ഗൾഫിലായിരുന്ന പ്രിയ അവിടെ ആശുപത്രിയിലെ ജോലി വിട്ട് 2018ൽ നാട്ടിലേക്കു മടങ്ങി.
റബര്‍കൃഷി ചെയ്തിരുന്ന കുടുംബവസ്തുവില്‍ നല്ലൊരു ഡെയറി ഫാമും കൃഷിയിടവും എന്ന ഭർത്താവ് ജിനേഷിന്റെ സ്വപ്നം സാക്ഷാൽക്കരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മടക്കം.
ഉപേക്ഷിച്ചുകിടന്ന ഭൂമിയില്‍ കൃഷി ഒരു വെല്ലുവിളിയായിരുന്നു. എങ്കിലും സുരക്ഷ, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിച്ചു.
ആദ്യം പരിഗണിച്ചതു നനസൗകര്യം. വെള്ളത്തിനായി കുഴൽക്കിണർ കുഴിച്ചു. പമ്പിങ് സൗകര്യം ഒരുക്കി, കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാന്‍ മണ്ണിനടിയിലൂടെ പൈപ്പ്‌ലൈൻ ഇട്ടു.
ആന, പന്നി, മാൻ തുടങ്ങിയ വന്യജീവികളുടെ ആക്രമണം ഏറെയുള്ള കാട്ടിക്കുളത്തു സുരക്ഷ മുഖ്യം. അതിനാല്‍, കൃഷിയിടത്തിനു ചുറ്റും സോളർ വേലി ഒരുക്കി. തുടർന്ന് 2019ൽ കൃഷി ആരംഭിച്ചു.
നോട്ടമില്ലാതെ കിടന്ന റബർത്തോട്ടം വെട്ടിത്തെളിച്ച് ഇടവിളകൾ ചെയ്തായിരുന്നു തുടക്കം. റബറിന്റെ ശിഖരങ്ങൾ വെട്ടിമാറ്റി ചുവട്ടിൽ പന്നിയൂർ ഇനം കുരുമുളക് നട്ടു.
ഒപ്പം ഇടവിളയായി റോബസ്റ്റ ഇനം കാപ്പിയും. 2 ഹെക്ടർ സ്ഥലത്ത് ഏകദേശം 3000 ചുവട് കാപ്പിയാണു നട്ടത്. കഴിഞ്ഞ വർഷം 3.5 ടൺ വിളവ് ലഭിച്ചു. കിലോ 220 രൂപയ്ക്കു വിൽക്കാനും കഴിഞ്ഞു. ഈ വർഷം ഉൽപാദനം 4 ടണ്ണിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ക്രമേണ ഉൽപാദനം 7 ടണ്ണിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വാഴ, ഇഞ്ചി, മഞ്ഞൾ, കപ്പ, ചേന,തുടങ്ങിയ എല്ലാം കൃഷി ചെയ്യുന്നു. നാലര ഏക്കർ വയൽ പാട്ടത്തിനെടുത്ത് നെൽക്കൃഷിയുമുണ്ട്. ചെറിയ രീതിയിൽ കോഴി, ആട് എന്നിവയെയും വെള്ളത്തിനായി കുത്തിയ കുളങ്ങളിൽ ഗിഫ്റ്റ്, രോഹു മത്സ്യങ്ങളെയും വളർത്തുന്നു.
കൃഷിക്കു വളത്തിനുവേണ്ടി എട്ടു പോത്തുകളെയും ഏതാനും ആടുകളെയും തുടക്കകാലത്ത് വളർത്തി. എന്നാൽ, പോത്തുവളർത്തൽ പ്രതീക്ഷിച്ചപോലെ ലാഭകരമായില്ല. അവയെ ഒഴിവാക്കി 2 പശുക്കളെ എത്തിച്ചു.
പശുക്കളുടെ എണ്ണം ക്രമേണ ആറായി. അവയെ പരിപാലിക്കുന്നതിന് ഒരു തൊഴിലാളിയെയും വച്ചു. 6 പശുക്കളെ നോക്കുന്നതിന് തൊഴിലാളിയെ വച്ചാൽ മുതലാവില്ല എന്നതിനാൽ 8 പശുക്കളെക്കൂടി വാങ്ങി എണ്ണം 14ൽ എത്തിച്ചു. ഇതിനുശേഷമാണ് വലിയൊരു ഫാം എന്ന ആശയമുണ്ടായത്.
2021 ഫെബ്രുവരിയോടുകൂടി 42 പശുക്കളെ വളര്‍ത്താന്‍ പാകത്തില്‍ ആധുനിക സൗകര്യങ്ങളോടെ ഷെഡ് നിർമിച്ച് പശുക്കളെ അങ്ങോട്ടേക്കു മാറ്റി. ഘട്ടം ഘട്ടമായി വാങ്ങി 40 പശുക്കളിലേക്കു ഫാം വിപുലപ്പെടുത്തി.
തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നുമൊക്കെ പശുക്കളെ വാങ്ങിയാണ് ഫാം വിപുലപ്പെടുത്തിയതെങ്കിലും പശുക്കൾക്ക് രോഗങ്ങൾ കൂടിയതോടെ പുറമേനിന്നു പശുക്കളെ വാങ്ങല്‍ നിര്‍ത്തി. പകരം, ഫാമിൽ പിറക്കുന്ന നല്ല കന്നുകുട്ടികളെ വളർത്തി ഫാമിലേക്കു ചേർത്തു. ഇന്ന് 34 പശുക്കളും 14 കിടാരികളും ഫാമിലുണ്ട്.