പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കൃഷിവിശേഷങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 5t7bekmm6h3qee64vks8vlne35 5o6ijc4o8rtsr29jdgm5aai51a-list

മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കൃഷിയിടത്തെക്കുറിച്ച് മലപ്പുറത്തിനു പുറത്ത് അധികമാർക്കും അറിയില്ല.

കടുപ്പമേറിയ കല്ലിനു മീതേ പഴങ്ങളും പച്ചക്കറികളും നെല്ലും ചെറുധാന്യങ്ങളുമൊക്കെ വിളയിക്കുന്നതിനു മാത്രമല്ല, നാട്ടിലും വിദേശത്തുമൊക്കെ അവ വിതരണം ചെയ്യാനും അദ്ദേഹത്തിന് ഉത്സാഹമാണ്.

വിശാലമായ ഈ കൃഷിയിടത്തിൽനിന്നു നയാപൈസയുടെ വിറ്റു വരവില്ല! കാശിനു വേണ്ടിയല്ല, വേണ്ടപ്പെട്ടവരുടെ സ്നേഹത്തിനും പിന്നെ സ്വന്തം സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് ഇവിടത്തെ കൃഷിയെന്നു കുഞ്ഞാലിക്കുട്ടി.

കടുപ്പമേറിയ ചെങ്കല്ലു നിറഞ്ഞ തേങ്കിടാവ് കുന്നിൻപുറം കുടുംബവീതമായാണ് കുഞ്ഞാലിക്കുട്ടിയുടെ കൈവശമെത്തിയത്. തെരുവപ്പുല്ലും ഏതാനും തെങ്ങുകളുമല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടായിരുന്നില്ല.

ചെങ്കൽപാറ നിറഞ്ഞ ഇവിടെ കൃഷി അത്ര എളുപ്പമല്ല. പക്ഷേ, എത്ര കടുപ്പമേറിയ സാഹചര്യങ്ങളെയും അതിജീവിക്കുന്ന മനക്കരുത്തിന് അതൊന്നും പ്രശ്നമായില്ല. വിജനമായ കുന്നിൻപുറം സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറുന്നതിലും ഭേദം പ്രിയപ്പെട്ടവർക്കു നല്ല ഭക്ഷണം നല്‍കുന്ന കൃഷിയിടമാക്കുകയാണല്ലോ? സാവകാശം, സമയമെടുത്ത് അദ്ദേഹം ചെങ്കൽപാറയെ മെരുക്കിയെടുത്ത് മികച്ച സമ്മിശ്രക്കൃഷിയിടമാക്കി.

ഇന്ന് നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ ഈ പാറപ്പുറം. ക്ഷമാപൂർവം മൂന്നര പതിറ്റാണ്ടോളം നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലം. ഇവിടെ വിളയുന്നതൊന്നും കാശ് കൊടുത്താൽ കിട്ടില്ല. സ്നേഹമാണ് ഇവയുടെ വില. മക്കൾക്കും സഹോദരങ്ങൾക്കും സ്നേഹിതർക്കും നാട്ടുകാര്‍ക്കുമായി അവ പങ്കുവയ്ക്കുന്നു.

കല്ലുമടയാക്കിയാൽ വലിയ വരുമാനത്തിനു സാധ്യതയുണ്ടായിട്ടും കല്ലുവെട്ടി നീക്കി കുന്നില്ലാതാക്കുന്നതിനോട് കുഞ്ഞാലിക്കുട്ടിക്കു തീരെ താൽപര്യമില്ലായിരുന്നു.

ചെറിയ കനത്തിൽ കല്ല് പൊടിച്ചശേഷം മറ്റിടങ്ങളിൽനിന്നെത്തിച്ച മണ്ണുമായി കൂട്ടിക്കലർത്തി. മൂന്നു ദശകം മുൻപ് ആദ്യം നട്ടത് പതിമുകം. ഔഷധസസ്യമായ പതിമുകത്തിന്റെ കൃഷി പക്ഷേ പരാജയമായി. ഏതാനും വർഷങ്ങൾക്കുശേഷം അവ വെട്ടിമാറ്റി. അപ്പോഴേക്കും കല്ലുപൊടി മണ്ണായി മാറിത്തുടങ്ങിയിരുന്നു.

പതിമുകത്തിന്റെയും മറ്റും ജൈവാംശം കലർന്ന മണ്ണിൽ മറ്റു വിളകൾ ഓരോന്നായി പരീക്ഷിച്ചു. ഊദ്, മാവ്, റംബുട്ടാൻ എന്നിങ്ങനെ. അവയിൽ ഊദ് മാത്രം കുഞ്ഞാലിക്കുട്ടിക്ക് അത്ര സ്വീകാര്യ മായില്ല. നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്ക് ഊദ് യോജ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് ഊദിന്റെ സ്വാഭാവിക സാഹചര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം ചന്ദനം നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്കു ചേരും – തോട്ടത്തിൽ കിളിർത്തു നിൽക്കുന്ന ചന്ദനത്തൈകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ഒരു മീറ്റർ ആഴത്തിൽ കുഴിയെടുത്ത് അതിൽ നല്ല മണ്ണിനൊപ്പം ചാണകം, വേപ്പിൻപിണ്ണാക്ക് എന്നിവയൊക്കെ കലർത്തി നിറച്ച ശേഷമാണ് ഫലവൃക്ഷത്തൈകൾ നട്ടത്. ആ കൃഷി പക്ഷേ നേട്ടമായി.

ഏറക്കുറെ എല്ലാ ഫലവൃക്ഷങ്ങളും നല്ല രീതിയിൽ വളർന്ന് ഫലം നൽകിത്തുടങ്ങി. മുന്നൂറോളം മാവ്, 70 റംബുട്ടാൻ, 40 മാങ്കോസ്റ്റിൻ, 20 ലോങ്ങൻ, 150 പ്ലാവ്, 30 സപ്പോട്ട, 15 ചാമ്പ എന്നിങ്ങിനെ ഫലവൃക്ഷങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ കാണാം.

ഇത്രയേറെ ഫലവൃക്ഷങ്ങൾ കായ്ക്കുന്നുണ്ടെങ്കിലും അവയൊന്നും വിൽക്കുന്നില്ല. ഇവിടെയുണ്ടാകുന്നതൊക്കെ കുടുംബാംഗങ്ങൾക്കും അയൽവാസികൾക്കും സുഹൃത്തുക്കൾക്കുമുള്ളതാണെന്നാണ് കര്‍ഷകന്റെ പക്ഷം.

രണ്ടേക്കറോളം സ്ഥലത്തു കരനെല്‍കൃഷിയുണ്ട്. വിളവു പൂർണമായി വീട്ടാവശ്യത്തിന് എടുക്കുകയാണ്. തിന, റാഗി തുടങ്ങിയ ചെറുധാന്യങ്ങളുടെ കൃഷിയും വിപുലമായുണ്ട്. വിളവിൽ പാതിയും പക്ഷികൾക്കുള്ളതാണെന്നു മാത്രം. വിശേഷിച്ച് തിന. തിനപ്പാടത്ത് പക്ഷികളെ ഭയപ്പെടുത്തുന്നതൊന്നും വയ്ക്കരുതെന്ന് രാജുവിനു പ്രത്യേക നിർദേശമുണ്ട്.

തോട്ടത്തിന്റെ പല ഭാഗങ്ങളിലായി രണ്ടേക്കറോളം സ്ഥലത്തു പച്ചക്കറിക്കൃഷിയുണ്ട്. നൂറുകണക്കിനു വെണ്ടയും പച്ചമുളകും കക്കിരിയുമൊക്കെ കൃഷി ചെയ്തിരിക്കുന്നു.

ശീതകാല പച്ചക്കറികളുടെ സീസണായാൽ അവ തുടർച്ചയായി കൃഷി ചെയ്യും. പല ബാച്ചുകളായി നടുന്നതിനാൽ എല്ലാക്കാലത്തും ഇവിടെ പച്ചക്കറി വിളവെടുക്കാനുണ്ടാകുമെന്ന് രാജു ചൂണ്ടിക്കാട്ടി. ദിവസേന 6–7 കിലോ കിട്ടും.

നാട്ടിലുള്ളപ്പോഴെല്ലാം രാവിലെയും വൈകിട്ടും കൃഷിയിടത്തിലെത്തുന്ന കുഞ്ഞാലിക്കുട്ടി കൃഷിയിലെ പുത്തനറിവുകൾ പരീക്ഷിക്കുന്നതില്‍ തൽപരനാണ്. സീറോ ബജറ്റ് പ്രകൃതിക്കൃഷിയുടെയും മറ്റും ചില മാതൃകകൾ ഇവിടെ കാണാം. അത്തരം മേഖലകളിൽ പരിചയസമ്പത്തുള്ളവരെ കണ്ടെത്തി കൃഷിരീതികൾ ചോദിച്ചറിയാറുമുണ്ട്.

മാവിൻതോപ്പിന്റെ ഒരു ഭാഗത്തായി വലിയ ചാലു കീറി ജൈവവസ്തുക്കൾ നിറച്ചതും കൃഷിയിടത്തിൽ അങ്ങിങ്ങായി വലിയ മഴക്കുഴികളെടുത്ത് ചുറ്റും അഞ്ചിനം സസ്യങ്ങൾ നട്ടുവളർത്തിയതുമൊക്കെ സുഭാഷ് പലേക്കറുടെ സ്വാധീനത്തിലാണ്.

കൃഷിയിടത്തിലൊരു ഭാഗത്ത് മിയാവാക്കി വനം ഒരുക്കാനുള്ള ശ്രമത്തിലാണ്. നാടൻകോഴികൾ, ബ്രോയ്‌ലർ താറാവ് തുടങ്ങിയവയും ഈ ഫാമിലുണ്ട്. ആടും പശുവും ഉണ്ടായിരുന്നെങ്കിലും തൃപ്തികരമായി പരിചരിക്കാൻ കഴിയാതെ വന്നതിനാൽ തൽക്കാലം ഒഴിവാക്കി.

കുളങ്ങളിൽ വിവിധയിനം മത്സ്യങ്ങൾ വളരുന്നു. കുന്നിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് ഒരു മത്സ്യക്കുളം ശുദ്ധജലസംഭരണിയായി മാറ്റി. കഴിഞ്ഞ വേനലിന്റെ കാഠിന്യത്തിൽനിന്നു പാഠമുൾക്കൊണ്ടുള്ള മുൻകരുതല്‍.

പ്രശാന്തസുന്ദരമായ ഈ കുന്നിൻമുകളിൽ സ്വസ്ഥമായ വിശ്രമത്തിനും വായനയ്ക്കും ചർച്ചകൾക്കുമൊക്കെ സൗകര്യമുള്ള ഫാം ഹൗസിന്റെ പണി പൂർത്തിയായിവരുന്നു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article