മണ്ണിൽ വിതച്ച വിത്ത് പത്തും ഇരുപതും അൻപതും നൂറും മേനി വിളഞ്ഞതിന്റെ ഫലം ഇടുക്കി ജില്ലയിലെ രാജാക്കാട് പഴയവിടുതി സർക്കാർ യുപി സ്കൂളിൽ എവിടെയും പ്രകടം.
സ്കൂളിനു ചുറ്റും കാടുപോലെ വളർന്ന ആനത്തൊട്ടാവാടി ഒഴിവാക്കാന്‍ ആരംഭിച്ച കൃഷി സ്കൂളിന്റെ തലവര മാറ്റിയെന്നു പറയാം.
10 വർഷം മുൻപ് സ്കൂളിന്റെ ഒരു ഭാഗത്തെ ആനത്തൊട്ടാവാടി വെട്ടിത്തെളിച്ച് ബീൻസ് കൃഷി ചെയ്തായിരുന്നു തുടക്കം.
സ്കൂളിൽ കൃഷി ആരംഭിച്ച കാര്യം ശ്രദ്ധയിൽപെട്ട കൃഷിഭവൻ നൽകിയ 1000 രൂപ ഉപയോഗിച്ച് കൂടുതൽ വിത്തുകൾ വാങ്ങി കൃഷി ഊര്‍ജിതമാക്കി.
പ്രോജക്ട് അധിഷ്ഠിത പച്ചക്കറിക്കൃഷിക്ക് സർക്കാർ ധനസഹായം ലഭിച്ചതോടെ ഒരേക്കറോളം സ്ഥലത്തേക്കു കൃഷി വ്യാപിപ്പിച്ചു.
മലയാള മനോരമയുടെ നല്ല പാഠം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെ പദ്ധതികൾ സ്കൂളിലെത്തി. നല്ലപാഠത്തിന്റെ എ പ്ലസ് ഗ്രേഡ് മൂന്നു വർഷം ഈ സ്കൂള്‍ നേടി.
കൃഷിയിലൂടെ ലഭിച്ച പുരസ്കാരത്തുകകൾ സമാഹരിച്ച് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു.
ചുരുക്കത്തിൽ മണ്ണിൽനിന്നുള്ള നേട്ടത്തിലൂടെ വളർന്ന വിദ്യാലയമാണിതെന്ന് അധ്യാപകർ പറയുന്നു.
അധ്യയന വർഷം ആരംഭിക്കുന്ന ജൂണില്‍ത്തന്നെ സ്കൂളിൽ കൃഷിയും തുടങ്ങും. ബീൻസ്, പയർ, പാവൽ, ചീര തുടങ്ങി ഒട്ടേറെ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്.