ഒരു പാട്ടു പോലെ മനോഹരമാണ് അഭയ ഹിരൺമയി എന്ന പേരും, വിടർന്ന കണ്ണുകളും ചിരിയുമുള്ള ഈ പാട്ടുകാരിയുടെ സ്വകാര്യജീവിതവും വസ്ത്രധാരണവും ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത് മലയാളികളുടെ ഇത്തരം കാര്യങ്ങളിലുള്ള പ്രത്യേക താൽപര്യം കൊണ്ടാണെന്നേ പറയാൻ പറ്റൂ.
ഒരു തരത്തിലും തന്നെ ബാധിക്കാത്ത കാര്യങ്ങളിലും അഭിപ്രായം പറയാനുള്ള അവകാശമുണ്ട് എന്നാണല്ലോ പല മലയാളികളുടെയും ഭാവം
‘‘ഞാൻ എന്തു ധരിക്കുന്നു എന്നത് ഒരു സദാചാരത്തെയും ബാധിക്കുന്ന കാര്യമല്ല, എന്റെ ഇഷ്ടത്തെ ചോദ്യം ചെയ്യാൻ പറ്റുന്നത് എങ്ങനെയാണെന്ന് എനിക്കു മനസ്സിലാവുന്നില്ല. എന്റെ ഉടുപ്പിന്റെ നീളം നിങ്ങളുടെ പ്രശ്നമല്ല.’’ ഹിരൺമയി പറയുന്നു..
ആണും പെണ്ണും ഒരുമിച്ച് ചെയ്യുന്ന കാര്യങ്ങളിൽ സ്ത്രീക്കു മാത്രം പ്രശ്നം വരുന്ന രീതിയാണ് ഇവിടെ. ആണുങ്ങൾ ഗന്ധർവന്മാരോണോ എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ട്. അതേ കണ്ണിലൂടെയാണ് സ്ത്രീകൾ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും നോക്കിക്കാണുന്നത്. സ്വന്തം അധ്യാപകനെ ചേർത്തു പറയുക, വസ്ത്രധാരണത്തെ ചോദ്യം ചെയ്യുക, ഇതിനൊക്കെ എന്തവകാശമാണ് ആളുകൾക്കുള്ളത്? നിങ്ങൾക്കിത്രയധികം സമയമുണ്ടെങ്കിൽ നല്ല രീതിയിൽ അതുപയോഗിച്ചൂടെ എന്നാണ് എനിക്കു ചോദിക്കാനുള്ളത്
‘ദൈവം എല്ലാവരെയും വ്യത്യസ്തമായാണ് സൃഷ്ടിച്ചിട്ടുള്ളത്. വിരലുകളുടെ നീളം, പല്ലിന്റെ ഭംഗി, കഴുത്തിന്റെ നീളം, മുടിയുടെ നിറം, ഇവയൊക്കെ ഓരോരുത്തർക്കും വ്യത്യസ്തമാണ്. എല്ലാത്തിനും അതിന്റേതായ ഭംഗിയുണ്ട്. ഇതൊന്നും മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല
സീറോ സൈസാകാനല്ല ഞാൻ ജിമ്മിൽ പോകുന്നത്. എന്റെ കയ്യിലെയും കാലിലെയും മുടി ഞാൻ കളയാറില്ല, എനിക്കത് ഇഷ്ടമാണ്. ഒരു കൊച്ചുകുഞ്ഞിന്റെ കൈ പോലെ എനിക്കു തോന്നും. ഇതൊക്കെ എന്റെ ഇഷ്ടമാണ്. എന്റെ ശരീരം എങ്ങനെയായാലും എനിക്കിഷ്ടമാണ്’’ ഹിരൺമയി പറയുന്നു