പുറത്ത് കൊടും വെയിലാണ്. പക്ഷേ ജോലിക്ക് പോകാതിരിക്കാനാകില്ലല്ലോ. പോയാലാകട്ടെ ചർമ പ്രശ്നങ്ങള്‍ അലട്ടുകയും ചെയ്യും. നേരിട്ട് വെയിൽ ഏൽക്കുന്നതിലൂടെ ചർമത്തിൽ പെട്ടെന്ന് കരിവാളിപ്പ് ഉണ്ടാകാൻ ഇടയുണ്ട്.
വേനലിൽ ഭൂരിഭാഗം പേരും നേരിടുന്ന പ്രതിസന്ധിയാണിത്. പലപ്പോഴും ഈ അവസ്ഥ കഠിനമാകുമ്പോഴാണ് പലരും പ്രതിവിധികൾ തേടുന്നത്. ചിലപ്പോൾ ത്വക്ക് രോഗ വിദഗ്ധനെ വരെ സമീപിക്കേണ്ടതായി വരും. എന്നാൽ തുടക്കത്തിലേ ശ്രദ്ധിച്ചാൽ ഇത്തരം ചർമ പ്രശ്നങ്ങൾ ഒരു പരിധി വരെ തടഞ്ഞു നിർത്താനാകും.
വെയിലേറ്റതു മൂലമുണ്ടാകുന്ന കരിവാളിപ്പുകൾ മാറ്റാൻ അടുക്കളയിൽ തന്നെ പരിഹാരമുണ്ട്. ചില നുറുങ്ങ് വിദ്യകളിലൂടെ ചർമത്തെ പൂർവസ്ഥിതിയിലേക്ക് എത്തിക്കാൻ സാധിക്കും. എന്നാൽ, സ്ഥിതി ഗുരുതരമാകുമെന്നു തോന്നിയാൽ വിദഗ്ധ ഉപദേശം തേടേണ്ടതും അത്യാവശ്യമാണ്. കരിവാളിപ്പിനെ പ്രതിരോധിക്കാൻ വീട്ടിൽ ചെയ്യാനാകുന്ന ചില പൊടിക്കൈകൾ ഇതാ
നാരങ്ങയുടെ സ്വാഭാവിക ബ്ലീച്ചിങ് ഗുണങ്ങൾ കറുത്ത പാടുകളും പ്രായത്തിന്റേതായ ചുളിവുകളും കുറയ്ക്കാനും ചർമത്തിന്റെ നിറം വർധിപ്പിക്കാനും സഹായകമാണ്. അതുപോലെ പഞ്ചസാര മികച്ച ഒരു സ്ക്രബ് ആയിട്ടും ഉപയോഗിക്കാം.
കരിവാളിപ്പ് മാറ്റാൻ മികച്ച പ്രതിവിധിയാണ് ഇവ. അതിനായി നാരങ്ങ നീരും പഞ്ചസാരയും തുല്യ അളവിൽ ചേർത്ത് മിശ്രിതം ഉണ്ടാക്കുക. കരിവാളിപ്പ് ഉള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിച്ച് അഞ്ചോ പത്തോ മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയുക
സൗന്ദര്യ ഗുണങ്ങൾക്കും ആരോഗ്യ ഗുണങ്ങൾക്കും പേരുകേട്ട ഒന്നാണ് മഞ്ഞൾ. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖത്തിനു തിളക്കം നൽകുന്നു. കരിവാളിപ്പുകൾ മാറ്റി ചർമത്തെ തിളക്കമുള്ളതാക്കാൻ മഞ്ഞൾ ഏറെ സഹായകമാണ്. മഞ്ഞളിലെ ആന്റി ഓക്‌സിഡന്റും ആന്റി–ഇൻഫ്ലമേറ്ററി ഗുണങ്ങളും തൈരിലെ ലാക്റ്റിക് ആസിഡും മോയ്സ്ചറൈസിങ് ഗുണങ്ങളും ചർമത്തിന് ഏറെ ഗുണം ചെയ്യും.
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി രണ്ട് ടേബിൾസ്പൂൺ തൈരിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കരിവാളിപ്പ് ഉള്ള ഇടങ്ങളിൽ തേച്ചു പിടിപ്പിക്കുക. ചെറിയ രീതിയിൽ മസാജ് ചെയ്താൽ നല്ലത്. ഉണങ്ങുന്നതു വരെ കാത്തിരിക്കുക. ശേഷം കഴുകിക്കളയാവുന്നതാണ്.
ഉയർന്ന ജലാംശത്തിനും വിറ്റാമിൻ എ, ബി, സി, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള വൈറ്റമിൻ സമ്പുഷ്ടമായ കക്കിരി ചർമത്തിന്റെ ആരോഗ്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
കറുത്ത പാടുകൾ കുറയ്ക്കാനും ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കാനുമുള്ള കഴിവ് ഇവയ്ക്കുണ്ട്. കറ്റാർവാഴയും ചർമത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. പല സൗന്ദര്യ വർധക ഉൽപന്നങ്ങളിലും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്.
ചർമത്തിലെ കരിവാളിപ്പ് മാറ്റാനായി കക്കിരിക്കയുടെ ഉൾഭാഗം ചുരണ്ടി എടുത്ത് കറ്റാർവാഴ ജെല്ലുമായി യോജിപ്പിക്കുക. ഈ മിശ്രിതം ചർമത്തിൽ തേച്ചുപിടിപ്പിച്ച് പതിനഞ്ചോ ഇരുപതോ മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്.