കാലങ്ങളായി സൗന്ദര്യ സംരക്ഷണത്തിനുപയോഗിക്കുന്ന ഒരു സാധനമാണ് നെയ്യ്. ഒരു തുള്ളി നെയ്യ് ഉപയോഗിച്ച് നിങ്ങളുടെ ചർമം പൂ പോലെ മൃദുലമാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചർമത്തിന്റെ യുവത്വവും ആരോഗ്യവും നിലനിർത്താൻ നെയ്യ് സഹായിക്കും.
രാത്രി കിടക്കുന്നതിന് മുൻപ് ഒരു തുള്ളി നെയ്യ് പുരട്ടുന്നത് ചർമത്തിലെ മോയ്സ്ച്വർ കണ്ടന്റ് നിലനിർത്താൻ നിങ്ങളെ സഹായിക്കും. നെയ്യ് പുരട്ടുമ്പോൾ ചർമത്തിനു ലഭിക്കുന്ന ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
വൈറ്റമിൻ എ, ഇ, കെ എന്നിവയാൽ സമ്പുഷ്‌ടമാണ് നെയ്യ്. ഇതിൽ ചർമത്തിന്‍റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ എന്നിവയും നെയ്യിൽ ധാരാളമുണ്ട്.
ചർമം വരണ്ടു പോകുന്നത് തടയുന്നതിനുള്ള പ്രകൃതിദത്ത മോയ്‌സ്‌ചറൈസറാണ് നെയ്യ്. ഇത് ചർമത്തിന്റെ ഈർപ്പം നിലനിർത്തുകയും മൃദുവാക്കുകയും വരണ്ട പാടുകൾ ഇല്ലാതാക്കുകയും ചെയ്യും. എണ്ണ മയമുള്ള ചർമമാണെങ്കിൽ അധികം നെയ്യ് ഉപയോഗിക്കരുത്.
പ്രായമാകുന്നതോടെ ചർമത്തിലുണ്ടാകുന്ന ചുളിവുകൾ അകറ്റാനും ഇലാസ്തികത നിലനിർത്താനും നെയ്യ് സഹായിക്കും. നെയ്യിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ ചർമത്തിന്‍റെ ഇലാസ്‌തികത മെച്ചപ്പെടുത്തി,
ചർമത്തെ യുവത്വമുള്ളതായി നിലനിർത്തും. കൂടാതെ ഇവയിലെ വൈറ്റമിനുകളും പോഷകങ്ങളും ചർമത്തിനു തിളക്കം നൽകും. ചർമത്തിലെ നേർത്ത വരകൾ, വീക്കം, കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.
നിങ്ങളുടെ ചുണ്ടിന് ഒരു പ്രകൃതിദത്ത ലിപ് ബാമായി നെയ്യ് ഉപയോഗിക്കാം. വരണ്ടതോ തണുത്തതോ ആയ കാലാവസ്ഥയിൽ ചുണ്ടുകൾ വിണ്ടു കീറുന്നതു തടഞ്ഞ് മൃദുലമായി നിലനിർത്താനും ഇത് വളരെ നല്ലതാണ്.
ചുണ്ട് പോലെ തന്നെ പരുക്കനും വരണ്ടതുമായ കൈകാലുകൾ മൃദുവാക്കാൻ നെയ്യിന്‍റെ ഉപയോഗം ഗുണം ചെയ്യും. രാത്രി കിടക്കുന്നതിനു മുമ്പ് നെയ്യ് കാലിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് കാലിലെ വിണ്ടുകീറൽ സുഖപ്പെടുത്താൻ സഹായിക്കും
മുഖത്തെ കലകൾ അകറ്റി ചർമം തിളങ്ങാൻ നെയ്യ് കൊണ്ടുള്ള ഒരു ഫെയ്സ് മാസ്ക് തയാറാക്കാം. ഇതിനായി ഒരു നുള്ള് നെയ്യും കടലപ്പൊടിയും കുറച്ചു മഞ്ഞളുമാണ് വേണ്ടത്. നെയ്യിനോടൊപ്പം അൽപം കടലപ്പൊടിയും ഒരു നുള്ള് മഞ്ഞളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം.