മുല്ലപ്പൂവ് മുടിയിൽ ചൂടാൻ ഇഷ്ടമുള്ള നിരവധി പേരുണ്ട്. അതിന്റെ നിറവും മണവും എല്ലാം നമ്മെ ആകർഷിക്കാറുണ്ട്. എന്നാൽ മുടിയിൽ ചൂടാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിലും മുല്ലപ്പൂവ് മികച്ചതാണ്.
ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ ആന്റി ഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. കൂടാതെ, ഇത് അകാല വാർധക്യത്തിൽ നിന്നും ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു
നല്ലൊരു മോയ്‌സ്ചറൈസര്‍ ആയി മുല്ലപ്പൂവ് പ്രവര്‍ത്തിക്കും. അതുപോലെ തന്നെ മുല്ലപ്പൂവ് കൊണ്ടുള്ള ലോഷനും ശരീരത്തിനെ ചര്‍മ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാൻ സഹായിക്കും.
ആരോഗ്യമുള്ള ചർമം നിലനിർത്തുന്നതിനു മുല്ലപ്പൂവിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഏറെ സഹായിക്കുന്നു. അവ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്സിഡേറ്റിവ് സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മുല്ലപ്പൂവ് ഉപയോഗിക്കുന്നതിലൂടെ ചർമത്തിലെ ചുളിവുകളും നേർത്ത വരകളും ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ, പിഗ്മന്റേഷനും പാടുകളും കുറയ്ക്കുന്നതിലൂടെ ചർമത്തിന്റെ നിറം വർധിപ്പിക്കാനും മുല്ലപ്പൂവ് സഹായിക്കുന്നു
നിങ്ങളുടെ ചർമത്തിനു മികച്ച ടോണർ ആയി പ്രവർത്തിക്കാൻ മുല്ലപ്പൂവിനു സാധിക്കും. ഇതുവഴി ചർമം മൃദുവാക്കാനും തിളക്കം നൽകാനും സഹായിക്കും. ഇതിനായി കുറച്ച് മുല്ലപ്പൂവ് അൽപം വെള്ളത്തിൽ ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക. ശേഷം ഈ വെള്ളം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. ഇത് ഒരാഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കാം. മാറ്റം നിങ്ങൾക്ക് കണ്ടറിയാം.
മുല്ലപ്പൂവ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കുറച്ച് നേരം വെച്ചതിന് ശേഷം ഈ എണ്ണ ദേഹത്തും മുഖത്തും പുരട്ടുന്നത് ചർമത്തിനു നല്ലതാണ്. ഇത് ചര്‍മകാന്തി വര്‍ധിപ്പിക്കാനും ചര്‍മം മൃദുവാക്കാനും സഹായിക്കും. എന്നാൽ മുല്ലപ്പൂ ഓയില്‍ അടുപ്പിച്ച് ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്നത് ചര്‍മം അമിതമായി ഓയ്‌ലി ആക്കും. ഇത് മുഖക്കുരുവിന് കാരണമാകും.
മുല്ലപ്പൂ ഫേയ്‌സ്പാക്ക് ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യവും ഒപ്പം തിളക്കം വർധിപ്പിക്കാനും സഹായിക്കും. ഇതിനായി കുറച്ച് തേനും മുല്ലപൂവും അരച്ച് മുഖത്ത് തേച്ചു പുരട്ടാവുന്നതാണ്. ആഴ്ചയില്‍ രണ്ട് അല്ലെങ്കില്‍ മൂന്ന് തവണ മുഖത്ത് പുരട്ടാം. മാറ്റം നിങ്ങൾക്ക് കണ്ടറിയാം.