കട്ടിയില്ലാത്ത നേരിയ പുരികങ്ങൾ ഒരുകാലത്ത് ഫാഷൻ ആയിരുന്നെങ്കിൽ ഇന്ന് ആളുകൾ കൂടുതൽ ആഗ്രഹിക്കുന്നത് കറുത്ത കട്ടിയുള്ള പുരികമാണ്. പലരും മേക്കപ്പിനെ തന്നെയാണ് ഇതിനായി സമീപിക്കുന്നത്.
നമ്മുടെ തന്നെ അടുക്കളയിൽ സുലഭമായ വസ്തുക്കൾ കൊണ്ട് നല്ല കട്ടിയുള്ള പുരികങ്ങൾ സ്വന്തമാക്കാം. ചില നുറുങ്ങു വഴികൾ നമുക്കൊന്ന് പരിചയപ്പെടാം.
രോമവളർച്ചയ്ക്ക് പണ്ടുമുതലേ ഉപയോഗിച്ച് വരുന്നതാണ് ആവണക്കെണ്ണ. ഇത് പുരികത്തിന് ജലാംശം നൽകുകയും വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
ആവണക്കെണ്ണയിൽ ആന്റിഓക്സിഡന്റുകൾ, മുടി വളർച്ചയ്ക്ക് ആവശ്യമായ എല്ലാ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു.
ഇതിനായി ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിനു ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം രണ്ടോ മൂന്നോ മിനിറ്റ് നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടു വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാം.
മുടി വളരാൻ ഏറ്റവും നല്ലതാണ് ഉള്ളി. വിറ്റാമിൻ എ, വിറ്റാമിൻ സി, സെല്ലീനിയം എന്നിവ ഉള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇവ മുടിവളർച്ചയ്ക്ക് മികച്ചതാണ്.
ഇതിനായി ഒരു ഉള്ളിയുടെ നീര് എടുക്കുക. ശേഷം അഞ്ച് മിനിറ്റ് പുരികത്തിൽ തടവുക. ശേഷം നല്ല പോലെ മസാജ് ചെയ്യുക. നന്നായി ഉണങ്ങിയ ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം.
പുരികത്തിന് ആവശ്യമായ പ്രോട്ടീനും ബയോട്ടിനും അടങ്ങിയിട്ടുള്ളതിനാൽ മുട്ടയുടെ മഞ്ഞ പുരികത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. മുട്ടയുടെ ദുർഗന്ധം ഒഴിവാക്കാൻ നിങ്ങൾക്ക് നാരങ്ങാനീര് ചേർക്കാം.
ഇതിനായി ആദ്യം മുട്ടയിൽ നിന്നു മഞ്ഞയും വെള്ളയും വേർതിരിക്കുക. ശേഷം മഞ്ഞ നന്നായി അടിച്ചു പതപ്പിക്കുക. ഒരു കോട്ടൺ തുണി മഞ്ഞയിൽ മുക്കി പുരികത്തിൽ തേച്ചു കൊടുക്കാം. 20 മിനിറ്റിന് ശേഷം ഇതു കഴുകി കളയണം. പുരികത്തിന് വേണ്ടിയുള്ള മികച്ച ഒരു പ്രോട്ടീൻ ട്രീറ്റ്മെന്റ് കൂടിയാണിത്.
ആരോഗ്യമുള്ള പുരികങ്ങൾക്ക് മികച്ച പോംവഴിയാണ് നാരങ്ങ. വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ്, മുടിയുടെ ആരോഗ്യത്തിനാവശ്യമായ മറ്റ് സംയുക്തങ്ങൾ എന്നിവ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു.
നാരങ്ങാ മുഖത്തെ എണ്ണ അകറ്റുകയും ചർമത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു, ഇത് രോമകൂപങ്ങളിലേക്ക് കൂടുതൽ ഓക്‌സിജൻ എത്താൻ സഹായിക്കുന്നു.
ഇതിനായി ഒരു നാരങ്ങയുടെ പകുതി കഷ്ണം പുരികത്തിൽ തടവുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം.