പ്രായം ഏറുന്നതിനനുസരിച്ച് ചർമത്തിൽ വരകളും നേർത്ത ചുളിവുകളും വീഴുന്നത് സ്വാഭാവികമാണ്. എന്നാൽ മുഖ ചർമത്തിൽ ഉണ്ടാവുന്ന ഈ മാറ്റങ്ങൾ പലർക്കും ഏറെ വിഷമകരവുമാണ്. ചർമത്തെ യൗവന കാലത്തേതു പോലെയാക്കി മാറ്റാൻ പൂർണമായും സാധിക്കില്ലെങ്കിലും ചുളിവുകളും വരകളും കുറച്ച് ചർമ സൗന്ദര്യം കാത്തുസൂക്ഷിക്കാനാവും.
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത്, ശരിയായ ചർമ പരിചരണത്തിന്റെ അഭാവം എന്നിവയ്ക്ക് പുറമേ പ്രായമേറുന്നതനുസരിച്ച് കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ ഉത്പാദനം കുറയുന്നതും ചർമ ആരോഗ്യം കുറയുന്നതിന്റെ കാരണങ്ങളാണ്. ചർമത്തിന് പോഷണവും ഇലാസ്തികതയും നൽകി യുവത്വം നിലനിർത്തുതിനു പ്രകൃതിദത്തമായ ചില മാർഗങ്ങൾ നോക്കാം
ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളുംകൊണ്ട് സമ്പന്നമായ വെളിച്ചെണ്ണയും ഒലിവ് ഓയിലും ഏറ്റവും മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറുകളാണ്. ചർമത്തെ പോഷിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും. ഉറങ്ങുന്നതിനുമുമ്പ് ചെറിയ അളവിൽ വെളിച്ചെണ്ണയോ ഒലിവ് ഓയിലോ മുഖത്ത് പുരട്ടുക.
ചർമത്തിന്റെ ഏതൊരു പ്രശ്നത്തിനും ഉത്തമ പരിഹാരമാർഗമാണ് കറ്റാർവാഴ. ചർമത്തിലെ ജലാംശം നിലനിർത്തി ദൃഢത കാത്തുസൂക്ഷിക്കാനുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്.
കറ്റാർവാഴ ലഭ്യമാണെങ്കിൽ അതിൽ നിന്നുള്ള ജെൽ നേരിട്ട് മുഖചർമത്തിൽ പുരട്ടാം. കറ്റാർവാഴയുടെ സത്ത് അടങ്ങിയ സൗന്ദര്യ വർധക ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഗ്രീൻ ടീ ചർമത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. തണുപ്പിച്ചെടുത്ത ഗ്രീൻ ടീ ബാഗുകൾ കണ്ണുകൾക്ക് മുകളിൽ അൽപ സമയം വച്ചു കൊടുക്കാം. കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാനും ചുളിവുകൾ കുറയ്ക്കാനും ഇത് സഹായിക്കും.തേൻ
ചർമ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് ഒട്ടേറെ ഗുണങ്ങളാണ് തേനിൽ അടങ്ങിയിരിക്കുന്നത്. ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനൊപ്പം മൃതകോശങ്ങൾ നീക്കം ചെയ്ത് നിറം വർധിപ്പിക്കാനും കൊളാജൻ ഉത്പാദനത്തെ സഹായിക്കാനും തേനിന് സാധിക്കും.
അസംസ്കൃത തേൻ നേരിട്ട് ഒരു മാസ്ക്കായി മുഖത്ത് തേച്ചുപിടിപ്പിക്കാം. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം കഴുകി കളയാം. അതല്ലെങ്കിൽ തൈര്, നാരങ്ങാനീര്, കറ്റാർവാഴ എന്നിവയിൽ ഏതെങ്കിലും ഒന്നുമായി കലർത്തി മിശ്രിതമാക്കിയും മുഖത്ത് പുരട്ടാവുന്നതാണ്.
ഏത്തപ്പഴം നന്നായി ഉടച്ചെടുത്ത് അത് മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം പതിനഞ്ച് മിനിറ്റ് അതേ നിലയിൽ തുടരാൻ അനുവദിക്കുക. ചർമത്തിന്റെ ജലാംശം നിലനിർത്താൻ കഴിയുന്ന വിറ്റാമിനുകളും പോഷകങ്ങളും ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്
എൻസൈമുകൾ അടങ്ങിയ വെള്ളരിക്ക ചർമത്തിലെ ജലാംശവും ദൃഢതയും നിലനിർത്താൻ സഹായിക്കുന്നു. ഒരു ഭാഗം വെള്ളരിക്ക നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് നേരിട്ട് ചർമത്തിലേയ്ക്ക് തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കഴുകി കളയാം.
ചർമത്തിന്റെ മുറുക്കം നിലനിർത്താൻ ഏറെ സഹായകമാണ് മുട്ടയുടെ വെള്ള. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുക്കുക. നന്നായി പതഞ്ഞ പരുവത്തിൽ ഇത് മുഖത്തിന്റെ എല്ലാ ഭാഗത്തും തേച്ചുപിടിപ്പിക്കാം.
20 മിനിറ്റിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.ഈ മാർഗങ്ങൾ പരീക്ഷിക്കുന്നതിനൊപ്പം തന്നെ വെയിൽ ഏൽക്കുന്ന സാഹചര്യങ്ങളിൽ ചർമത്തിന് ഏറ്റവും അനുയോജ്യമായ സൺസ്ക്രീൻ പുരട്ടാനും ധാരാളം വെള്ളം കുടിച്ച് ചർമത്തിലെ ജലാംശം നിലനിർത്താനും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നിലനിർത്താനും പ്രത്യേകം ശ്രദ്ധിക്കണം. മതിയായ ഉറക്കവും വ്യായാമവും ചർമത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.