പല കല്യാണങ്ങളും കൂടിയിട്ടുണ്ടെങ്കിലും ‘കപ്പക്കല്യാണം’ കൂടിയവർ പുതിയ തലമുറയിൽ ചുരുക്കമായിരിക്കും. ജില്ലയുടെ മലയോരമേഖലകളിൽ കപ്പവാട്ടുന്നത് ഒരു ഉത്സവം ആണ്. ആ കപ്പവാട്ടുത്സവത്തിനാണ് കപ്പക്കല്യാണം എന്നു പറയുന്നത്. വീട്ടുകാരും നാട്ടുകാരും ഒക്കെ കൂടി നാട്ടുവർത്തമാനവും പാട്ടും ഒന്നിച്ചു ഭക്ഷണം കഴിപ്പും ഒക്കെയായി ശരിക്കും കല്യാണവീട്ടിലേതു പോലെ ഒരാഘോഷം. മലയോര മേഖലകളിൽ വാട്ടിയ കപ്പ ഉണക്കുന്നത് പാറപ്പുറത്തിട്ടാണ്. മൂന്നു ദിവസത്തെ ഉണക്കാണ് ഇതിന്റെ കണക്ക്. അതിനു ശേഷം കപ്പ ചാക്കുകളിലാക്കി മാറ്റുന്നു.
കപ്പപൊളിക്കൽ – കപ്പയുടെ തൊലികളഞ്ഞ് അരിയാൻ തയാറാക്കുന്നു.
കപ്പ അരിയൽ – അടയ്ക്കവെട്ടിപോലുള്ള കപ്പക്കത്തിയാണ് ഇതിന് ഉപയോഗിക്കുന്നത്.
കപ്പവാട്ടൽ– ചെമ്പിൽ തിളച്ചവെള്ളത്തിലിട്ട് പകുതി വേവിൽ വാട്ടിയെടുക്കുന്നു.
പാറപ്പുറത്തേക്ക് വാട്ടിയകപ്പയും ചുമന്നുള്ള യാത്ര.
പാറപ്പുറത്ത് കപ്പ ഉണക്കാനിടുന്നു. 3 ദിവസത്തെ വെയിലാണ് കപ്പ ഉണങ്ങാനുള്ള കണക്ക്.
കപ്പക്കല്യാണവീട്ടിലെ വൈകുന്നേരഭക്ഷണം. ചേമ്പു പുഴുങ്ങിയതും കാന്താരിച്ചമ്മന്തിയും. മൂന്നിലവ് ഇരുമാപ്ര പൊട്ടൻമുണ്ടയ്ക്കലിലെ പി.എഫ്.ജോസഫിന്റെ വീട്ടിൽനിന്നുള്ള കാഴ്ചകളാണിവ.