കുഴിയോരക്കാഴ്ച

6f87i6nmgm2g1c2j55tsc9m434-list mo-news-common-kozhikodenews mo-news-common-potholeinroads 1fej3ver1b8ba8r1vani7cj5i0 7g26pbb176ie4aqvu6vlinp7c2-list

5 കിലോമീറ്റർ – 25 വൻ കുഴികൾ: വടകര അടക്കാത്തെരു ജംക്‌ഷനു സമീപത്തെ റോഡിന്റെ സ്ഥിതി. വടകര കരിമ്പനപ്പാലം മുതൽ മടപ്പള്ളി ഭാഗം വരെ 5 കിലോമീറ്റർ ദൂരത്തിനുള്ളിൽ വൻ കുഴികൾ മാത്രം 25. ചെറുകുഴികൾ നൂറിലേറെ. ഓരോ ദിവസവും നിർമാണ കമ്പനി പല ഭാഗത്തായി കുഴി നികത്തി മെറ്റലും ടാർ മിശ്രിതവും ഇടുന്നുണ്ട്. അതിനു മുകളിൽ റോളർ വച്ച് നിരപ്പാക്കും. 2 ദിവസം കഴിയുമ്പോൾ ഇവ വീണ്ടും പഴയപടിയാകും. കരിമ്പനപ്പാലം മുതൽ മടപ്പള്ളി എത്തുന്നതിനു തൊട്ടു മുമ്പു വരെയുള്ള കുറെ ഭാഗം ഇതു പോലെ നന്നാക്കിയിട്ടുണ്ട്. അടുത്ത ദിവസം വീണ്ടും തകരും എന്ന സ്ഥിതിയാണ്.

5 കിലോമീറ്റർ– 85 കുഴികൾ: പാവങ്ങാട്–ഉള്ളിയേരി സംസ്ഥാന പാതയിൽ കൂമുള്ളി വായനശാലയ്ക്ക് സമീപം തകർന്ന റോഡ്. അത്തോളി മുതൽ ഉള്ളിയേരി വരെ 5 കിലോമീറ്ററിൽ 85 കുഴികളുണ്ട്. പിഡബ്ലുഡിയുടെ കീഴിലുള്ള ഈ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ട് 10 വർഷം കഴിഞ്ഞു.

25 മീറ്റർ – 12 കുഴികൾ: പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള മുക്കം റോഡിൽ എൻഐടി സബ് വേ നിർമാണം നടക്കുന്ന ഭാഗത്ത് തകർന്ന റോഡ്. ക്യാംപസിലൂടെ താൽക്കാലികമായി നിർമിച്ച 25 മീറ്ററോളം റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് റോഡിൽ മുഴുവൻ ഭാഗത്തും 12 കുഴികൾ ഉണ്ട്.

ഒരു കിലോമീറ്റർ– 23 കുഴികൾ: ഫറോക്ക് നഗരസഭയുടെ അധീനതയിലുള്ള നല്ലൂർ അമ്പലങ്ങാടി–പുറ്റെക്കാട് റോഡ് തകർന്ന നിലയിൽ. ഒരു കിലോമീറ്ററിൽ 23 കുഴികളുണ്ട്. അൽഫലാഹ് പള്ളി മുതൽ പുറ്റെക്കാട് ലീഗ് ഓഫിസ് വരെയുള്ള പ്രദേശങ്ങളിലാണ് ഏറെയും കുഴികൾ. 3 വർഷം മുൻപാണ് റോഡ് അറ്റകുറ്റപ്പണി നടത്തിയത്.

8 കിലോമീറ്റർ– 8 കുഴികൾ: കോഴിക്കോട് –വയനാട് റോഡിൽ നടക്കാവിലെ കുഴി. വയനാട് റോഡിൽ വെള്ളിമാടുകുന്ന് മുതൽ മാനാഞ്ചിറ വരെ 8 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായി 8 കുഴികളുണ്ട്. ദേശീയപാത അതോറിറ്റിക്കു കീഴിലുള്ള ഈ റോഡിന്റെ ഉപരിതലം പുതുക്കി പണിയൽ നടത്തിയിട്ടു 15 വർഷം കഴിഞ്ഞു. റോഡ് വികസനവും നവീകരണവും ഉടൻ ഉണ്ടാകുമെന്നു പറയുന്നുണ്ടെങ്കിലും ടെൻഡർ തുടങ്ങിയ നടപടിക്രമങ്ങൾ ഏറെ നടക്കാനുണ്ട്.

19 കുഴികൾ: തോട്ടുമുക്കം പുതിയനിടം ഗോതമ്പ് റോഡിലെ കുഴികൾ. ഈ റോഡിൽ 19 കുഴികളുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ അധീനതിയിലുള്ളതാണ് റോഡ് തോട്ടുമുക്കത്തിനും പുതിയനിടത്തിനും ഇടയിലാണ് കൂടുതൽ തകർന്നത്.

2.5 കിലോമീറ്റർ– 8 വലിയ കുഴികൾ: തകർന്ന കുമ്മങ്കോട് വരിക്കോളി റോഡ്. നാദാപുരം നിയോജക മണ്ഡലത്തിലെ കുമ്മങ്കോടിനെയും കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പെരുമുണ്ടശ്ശേരി കനാൽ റോഡിനെയും ബന്ധിപ്പിക്കുന്ന കുമ്മങ്കോട് വരിക്കോളി റോഡിന്റെ ആകെ ദൈർഘ്യം രണ്ടര കിലോമീറ്ററാണെങ്കിലും വലിയ കുഴികളുടെ എണ്ണം 8. അറ്റകുറ്റപ്പണിക്ക് സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും 9 വർഷം മുമ്പു നടത്തിയ അറ്റകുറ്റപ്പണിയുടെ പേരിലുള്ള വിജിലൻസ് കേസു കാരണം പണി തുടങ്ങാനായിട്ടില്ല. അന്ന് കരാറുകാർക്ക് പണി നടത്താൻ പിഡബ്ല്യുഡി റോഡ് കൈമാറിയതാണ്. ഇതു വരെ തിരിച്ചേൽപിച്ചിട്ടില്ല. രേഖകളിൽ ഇപ്പോഴും റോഡ് കരാറുകാരുടെ കൈവശമാണ്.

പൂതംപാറ–ചൂരണി–പക്രംതളം റോഡിന്റെ അവസ്ഥ. ചുരമില്ലാതെ വയനാട്ടിലേക്ക് എത്താൻ കഴിയുന്ന ഈ റോഡ് ടാർ ചെയ്തിട്ട് 15 വർഷത്തിലേറെയായി. പൊതുമരാമത്ത് വകുപ്പിനു കീഴിലാണിത്. ഇപ്പോൾ റോഡിൽ ടാർ ചെയ്തതിന്റെ അവശിഷ്ടങ്ങൾ പോലും കാണാനില്ല. ആറര കിലോമീറ്റർ ദൂരമുള്ള റോഡിൽ പകുതിയിലേറെ ഭാഗവും കാൽനട പോലും പറ്റാത്ത അവസ്ഥയിലാണ്. നാട്ടുകാർ ശ്രമദാനത്തിലൂടെ കുഴിയടച്ചാണ് വാഹന സർവീസ് നടത്തുന്നത്. റോഡ് പൂർണമായും തകർന്നതോടെ കെഎസ്ആർടിസി സർവീസും നിലച്ചു. റോഡ് സൗകര്യം ഇല്ലാതാവുകയും മൃഗശല്യം വർധിക്കുകയും ചെയ്തതോടെ പകുതിയിലേറെ വീട്ടുകാരും ഇവിടംവിട്ടുപോയി. നവകേരള സദസ്സിൽ ഉൾപ്പെടെ നിവേദനം നൽകിയിട്ടും റോഡു നന്നാക്കാൻ നടപടിയില്ല.

5 കിലോമീറ്റർ– 121 കുഴികൾ: സംസ്ഥാന പാതയിൽ കല്ലോട് എരഞ്ഞി അമ്പലത്തിനു സമീപം തകർന്ന റോഡ്. പേരാമ്പ്ര മുതൽ കടിയങ്ങാട് വരെ 5 കിലോമീറ്റർ 121 കുഴികൾ. പൊതുമരാമത്ത് വകുപ്പിനു കീഴിലാണ് റോഡ്. ഒരു കൊല്ലം മുൻപാണ് ഈ റോഡിൽ അറ്റകുറ്റപ്പണി നടന്നത്.

കോഴിക്കോട് മാവിളിക്കടവ്– തണ്ണീർപന്തൽ റോഡ്. 1.5 കിലോമീറ്റർ പിഡബ്ല്യുഡി റോഡ് തകർന്നു ഗതാഗതം നിലച്ചിട്ട് 9 ദിവസം പിന്നിട്ടു. പ്രതിദിനം 123 ബസുകളും ആയിരത്തിലേറെ ചെറിയ വാഹനങ്ങളും ഇതുവഴിയാണ് യാത്ര ചെയ്തത്. എന്നാൽ മഴ കനത്തതോടെ റോഡിൽ തണ്ണീർപ്പന്തൽ മുതൽ ഐടിഐ ആർഐ സെന്റർ വരെ ഗതാഗതയോഗ്യമല്ലാതായി. വലിയ ഗർത്തങ്ങളാണ് രൂപപ്പെട്ടത്. പുതിയങ്ങാടി മുതൽ മാവിളിക്കടവ് വരെ ഇരട്ടപ്പാതയായി നവീകരിക്കുന്നതിനു 155 കോടിയുടെ പദ്ധതിയുണ്ട്. ഇതിനായി സാമൂഹിക ആഘാത പഠനം പൂർത്തിയായിട്ടുണ്ട്. എന്നാൽ മാവിളിക്കടവ് മുതൽ തണ്ണീർപ്പന്തൽ വരെ നിലവിലുള്ള റോഡ് ഉപരിതലം പുതുക്കി ടാറിങ് നടത്തുന്നതിനു ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് മാത്രമാണ് പിഡബ്ല്യുഡി തയാറാക്കിയത്. ഈ പ്രവൃത്തിക്ക് 2 മാസം കാത്തിരിക്കണം.

400 മീറ്റർ– 16 കുഴികൾ: ഓമശ്ശേരി - തിരുവമ്പാടി റോഡിലെ ഓമശ്ശേരി പഞ്ചായത്ത് പരിധിയിലെ റോഡ് തകർന്ന ഭാഗം. നിറയെ കുണ്ടും കുഴികളും നിറഞ്ഞ് യാത്ര ദുഷ്‌കരമായ ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ഓമശ്ശേരി കെഎസ്ഇബി ഓഫിസിന് അടുത്തുനിന്നും തിരുവമ്പാടി ജംക്‌ഷൻ വരെയുള്ള 600 മീറ്റർ ഭാഗത്താണ് റോഡ് തകർന്നത്. 400 മീറ്ററിനിടെ 16 കുഴികളുണ്ട്.

5 കിലോമീറ്റർ– 100 കുഴികൾ: ദേശീയപാതയിൽ മൂരാട് ഓയിൽ മില്ലിനു സമീപമുള്ള വലിയ കുഴിയിൽ വീണ ഗുഡ്സ് ഓട്ടോ നാട്ടുകാർ തള്ളിക്കയറ്റുന്നു . മൂരാട് മുതൽ പയ്യോളി വരെയുള്ള 5 കിലോമീറ്റർ ദൂരത്തിൽ ചെറുതും വലുതുമായ നൂറിലധികം കുഴികളുണ്ട്. കരാറുകാർ റോഡിലെ കുഴികൾ അടച്ചുകൊണ്ടിരിക്കുന്നു.

2 കിലോമീറ്റർ– 9 കുഴികൾ പൊതുമരാമത്ത് വകുപ്പിന്റെ കൂരാച്ചുണ്ട്–ബാലുശ്ശേരി റോഡിൽ 6 മാസം മുമ്പ് ടാർ ചെയ്തത് തകർന്ന് രൂപ്പപെട്ട വൻ ഗർത്തം. പതിയിൽ ജംക്‌ഷൻ മുതൽ ഊളേരി വരെയുള്ള 2 കിലോമീറ്റർ ദൂരത്തിൽ 9 കുഴികളാണുള്ളത്. ഊളേരി ഭാഗത്ത് 4 മാസം മുൻപ് ടാറിങ് നടത്തിയത് പാടെ തകർന്നു. പതിയിൽ ജംക്‌ഷൻ ഭാഗത്ത് ഒരു വർഷം മുൻപ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഊളേരിയിൽ മഴയത്ത് ഉറവയിൽ വൻഗർത്തം രൂപപ്പെട്ട് വാഹനങ്ങൾ അപകടത്തിലാകുന്നത് പതിവായിട്ടുണ്ട്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article