കഴക്കൂട്ടത്തുനിന്നു കാണാതായ പതിമൂന്നു വയസ്സുള്ള അസം ബാലികയെ രണ്ടു രാപകൽ നീണ്ട അന്വേഷണത്തിനുശേഷം ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു കണ്ടെത്തി.
തിരോധാനവാർത്തയറിഞ്ഞ് വിശാഖപട്ടണത്തെ മലയാളി സംഘടനാ പ്രതിനിധികൾ ട്രെയിനുകളിൽ കയറി നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
അനിയത്തിയുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതിനു പിന്നാലെ, ചൊവ്വാഴ്ച രാവിലെയാണ് കുട്ടി വീട്ടിൽനിന്നിറങ്ങിയത്. ചൊവ്വാഴ്ച കന്യാകുമാരിക്കുള്ള ഐലൻഡ് എക്സ്പ്രസിൽ കുട്ടിയുണ്ടായിരുന്നുവെന്ന് എതിർസീറ്റിലിരുന്ന യാത്രക്കാരി ഇന്നലെ പുലർച്ചെ 3.15നു പൊലീസിനെ അറിയിച്ചതാണ് വഴിത്തിരിവായത്. കുട്ടി ട്രെയിനിലിരിക്കുന്ന ഫോട്ടോയും ഇവർ എടുത്തിരുന്നു.
കന്യാകുമാരിയിൽനിന്നു കുട്ടി ഇന്നലെ രാവിലെ ചെന്നൈ എഗ്മൂറിൽ ട്രെയിനിറങ്ങിയെന്നു തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വൈകിട്ട് അവിടേക്കു പുറപ്പെട്ടിരുന്നു.
ഇതിനിടെ, എഗ്മൂറിൽനിന്നു കുട്ടി ലോക്കൽ ട്രെയിനിൽ താംബരത്തേക്കു പോയി. അവിടെനിന്നു ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്സ്പ്രസിൽ കയറി. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയപ്പോഴാണ് മലയാളി സംഘടനാപ്രവർത്തകർ കുട്ടിയെ കണ്ടെത്തിയത്.
കഴക്കൂട്ടം – തിരുവനന്തപുരം – കന്യാകുമാരി – ചെന്നൈ – വിശാഖപട്ടണം