പത്മനാഭപുരം കൊട്ടാരത്തിൽനിന്ന് ആചാരപൂർവം തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം.
പത്മനാഭപുരം തേവാരക്കെട്ട് സരസ്വതി ദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് പൊലീസ് അകമ്പടിയോടെ ഘോഷയാത്രയായി കൊണ്ടുവരുന്നത്.
സരസ്വതി ദേവി ആനപ്പുറത്തും, കുമാരസ്വാമിയെയും, മുന്നൂറ്റിനങ്കയെയും പല്ലക്കിലുമാണ് എഴുന്നള്ളിക്കുന്നത്.
തേവാരക്കെട്ട് ക്ഷേത്രത്തിലെ സരസ്വതി വിഗ്രഹം ആനപ്പുറത്ത് എഴുന്നള്ളിച്ചപ്പോഴും കൊട്ടാരമുറ്റത്ത് നടന്ന പിടിപ്പണം നൽകൽ ചടങ്ങിനു ശേഷവും കേരള–തമിഴ്നാട് പൊലീസിന്റെ ആചാരബഹുമതിയും ബാൻഡ് വാദ്യവും ഉണ്ടായിരുന്നു. പൂജയിലും ഘോഷയാത്രയിലും ആയിരങ്ങൾ പങ്കെടുത്തു.
സരസ്വതി ദേവിയെ കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ദേവി ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതി ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.
നാലിന് ആരംഭിക്കുന്ന നവരാത്രി പൂജ 13ന് സമാപിക്കും. ഒരു ദിവസത്തെ നല്ലിരുപ്പിനുശേഷം 15ന് ആരംഭിക്കുന്ന വിഗ്രഹങ്ങളുടെ മടക്കയാത്ര 17നു പത്മനാഭപുരത്ത് എത്തിച്ചേരും.