മാലിന്യം തള്ളൽ അതിരൂക്ഷമായതിനെത്തുടർന്ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ കൂട്ടത്തോടെ ചത്തുപൊങ്ങിയ മീനുകൾ.
അഷ്ടമുടി കായലിൽ ഒഴുക്കും ഓളവും കുറഞ്ഞ ഭാഗത്താണ് മത്സ്യങ്ങൾ ചത്തു പൊങ്ങിയത്. ചെറു മത്സ്യങ്ങൾ മുതൽ വലിയ മത്സ്യങ്ങൾ വരെ കൂട്ടത്തിലുണ്ട്.
അഞ്ചാലുംമൂട്, കടവൂർ, കണ്ടച്ചിറ, മങ്ങാട് ഭാഗങ്ങളിലായാണ് ലക്ഷക്കണക്കിനു മീനുകള്‍ ചത്തു പൊങ്ങിയത്.
മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതോടെ കായൽക്കരയാകെ രൂക്ഷഗന്ധം പരന്നു.
അഞ്ചാലുംമൂട് മുരുന്തൽ ആക്കൽ കായൽ തീരത്ത് ഫിഷറീസിന്റെ കൂട് മത്സ്യ കൃഷിയിൽ ഉണ്ടായിരുന്ന 4,000 മത്സ്യങ്ങളും ചത്തു.
ഞുണ്ണ, കരിമീൻ, ചുണ്ടൻ, നത്തോലി, പള്ളത്തി, തിലാപ്പിയ എന്നിവയടക്കമുള്ള മീനുകളാണു ചത്തത്.
ചത്തതിൽ കൂടുതൽ വെളുത്ത നിറമുള്ള ‘ഞുണ്ണ’ ഇനത്തിൽപെട്ട മത്സ്യമാണ്. ഇവ കൂടുതലായും കായലിന്റെ മുകൾ പരപ്പിനോട് ചേർന്നാണ് കാണപ്പെടുന്നത്.
രാസമാലിന്യം കലരുന്നതാണു മീനുകൾ ചാവാൻ കാരണമെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്.
സംഭവത്തെ തുടർന്ന് ഫിഷറീസ്, കോർപറേഷൻ അധികൃതർ സ്ഥലത്ത് എത്തിയിരുന്നു.
പ്രാഥമിക പരിശോധനയിൽ കായലിലെ പിഎച്ച് അപകടകരമല്ലെന്നും കൂടുതൽ പരിശോധനയിൽ മാത്രമേ കാരണം വ്യക്തമാകൂ എന്നുമാണ് ഫിഷറീസ് അധികൃതർ പറയുന്നത്.