തീരംതൊട്ട തിരകളെ സാക്ഷിയാക്കി ഹോർത്തൂസിന്റെ അക്ഷരക്കടൽ ഇരമ്പിത്തുടങ്ങി
ഇനി അറിവിന്റെയും ആവിഷ്കാരങ്ങളുടെയും മൂന്ന് നാളുകൾ
പത്തിലധികം വേദികളിലായി നൂറ്റിമുപ്പതോളം സംവാദങ്ങളും അസുലഭ കലാപ്രകടനങ്ങളും നിറവു പകരും.
ശംഖുപുഷ്പം, മന്ദാരം, ആറ്റുവഞ്ചി, അശോകം, അമൃത്, മൈലാഞ്ചി, മഷിത്തണ്ട് എന്നിങ്ങനെ മലയാളത്തെളിമയുള്ള പേരുകളുമായി അരങ്ങുകളെല്ലാമൊരുങ്ങി.
ഇവിടെ നവകാല ചിന്തകളുടെ മിന്നലാകാൻ, സൽക്കലയുടെ മിനുക്കമേകാൻ രാജ്യത്തിനകത്തും പുറത്തുനിന്നുമായി അതിഥികൾ കോഴിക്കോട്ട് എത്തിക്കഴിഞ്ഞു.
കൊറിയ, പോളണ്ട്, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാരുടെ സർഗസാന്നിധ്യം ഹോർത്തൂസിനു രാജ്യാന്തരമാനങ്ങളേകും.
യുനെസ്കോ സാഹിത്യനഗര പദവി സ്വന്തമാക്കിയ ശേഷം ആദ്യമായി വേദിയാകുന്ന കലാ സാഹിത്യോത്സവത്തിന് കോഴിക്കോട് ഒരുങ്ങി.