മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍ തനിക്ക് ഡോക്ടറെ നിര്‍ദേശിച്ചത് നടി ദീപിക പദുക്കോൺ ആണെന്ന് റാപ്പര്‍ യോ യോ ഹണി സിങ്
അക്ഷയ് കുമാര്‍ തന്നെ ഇടയ്ക്കിടെ വിളിക്കാറുണ്ടെന്നും ഷാറുഖ് ഖാനും ആ പ്രതിസന്ധി സമയത്ത് തന്നെ പിന്തുണച്ചിരുന്നെന്നും ഹണി സിങ് പറഞ്ഞു. പുതിയ ആല്‍ബമായ 3.0 യുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഗായകൻ സ്വകാര്യ ജീവിതത്തെക്കുറിച്ചു മനസ്സു തുറന്നത്.
‘എല്ലാവരും എന്നെ വളരെയധികം പിന്തുണച്ചു. എന്റെ മാനസികാരോഗ്യ നില വഷളായപ്പോള്‍, ഏത് ഡോക്ടറെയാണു കാണേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ദീപികയും സമാനമായ മാനസികാവസ്ഥ നേരിട്ടിട്ടുണ്ട്. എന്റെ അവസ്ഥ കുറേക്കൂടി ഗുരുതരമായിരുന്നു. തുടർന്ന് ദീപിക എന്റെ കുടുംബത്തോടു നിര്‍ദേശിച്ച ഡോക്ടറുടെ അടുത്തേക്കു ഞാന്‍ പോയി
ഷാറുഖും എന്നെ നന്നായി പിന്തുണച്ചു. അക്ഷയ് കുമാർ എന്നെ വിളിക്കാറുണ്ടായിരുന്നു. ഫോണില്‍ സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ.
5 വര്‍ഷക്കാലം ഞാൻ ഫോൺ ഉപയോഗിച്ചില്ല. 3 വര്‍ഷം ടിവി കണ്ടിട്ടില്ല. ഫോണിന്റെയും ടെലിവിഷന്റെയുമൊക്കെ ഉപയോഗം എന്റെ അവസ്ഥ മോശമാക്കുമായിരുന്നു’, ഹണി സിങ് പറഞ്ഞു.