ബംഗ്ലാദേശ് കവി നസ്‌റൂള്‍ ഇസ്‌ലാമിന്റെ കവിത സംഗീതം നൽകി വികൃതമാക്കിയെന്ന് സംഗീതജ്ഞൻ എ.ആർ.റഹ്മാനെതിരെ ആരോപണം.
‘പിപ്പ’ എന്ന ചിത്രത്തിലെ പാട്ടിന്റെ പേരിലാണ് വിവാദം. നസ്‌റൂള്‍ ഇസ്‌ലാമിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് റഹ്മാനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
വിഷയത്തിൽ റഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.മൃണാള്‍ താക്കൂറും ഇഷാന്‍ ഖട്ടറും ഒന്നിച്ച ‘പിപ്പ’ നവംബര്‍ 10ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. ചിത്രത്തില്‍ നസ്‌റൂള്‍ ഇസ്‌ലാമിന്റെ ‘കരാര്‍ ഓയ് ലൗഹോ കോപത്’ എന്ന കവിതയാണ് റഹ്മാൻ സംഗീതം നൽകി ഉപയോഗിച്ചിരിക്കുന്നത്.
കവിത തീര്‍ത്തും വികൃതമാക്കി മാറ്റിയെന്നാണ് നസ്‌റൂള്‍ ഇസ്‌ലാമിന്റെ കുടുംബത്തിന്റെ ആരോപണം.കവിതയില്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ട് ഞെട്ടിയെന്നും ഇത് തികച്ചും അനീതിയാണെന്നും നസ്‌റൂള്‍ ഇസ്‌ലാമിന്റെ കൊച്ചുമകൻ ഖാസി അനിര്‍ബന്‍ പ്രതികരിച്ചു.
സിനിമയില്‍ ഗാനം ഉപയോഗിക്കുന്നതിന് തന്റെ അമ്മ (കവിയുടെ മകള്‍) സമ്മതം നല്‍കിയെങ്കിലും ട്യൂണുകളില്‍ മാറ്റം വരുത്താന്‍ അമ്മ സമ്മതിച്ചിരുന്നില്ലെന്നും ഖാസി കൂട്ടിച്ചേര്‍ത്തു.‘അമ്മ ജീവിച്ചിരുന്നപ്പോള്‍ കരാറുകളുടെ നിയമസാധുതകള്‍ പരിശോധിച്ചിരുന്നു. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി അത് പരിശോധിക്കേണ്ടിയിരിക്കുന്നു. കരാറില്‍ എന്താണ് ഉള്ളതെന്ന് വ്യക്തമായി മനസ്സിലാക്കിയ ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ച് നിയമ നടപടി സ്വീകരിക്കും.
റഹ്‌മാന്‍ സര്‍ ഈ ഗാനത്തോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇത് അന്യായമാണ്. ഗാനം സിനിമയില്‍ നിന്നും ഒഴിവാക്കണമെന്ന് ഞാന്‍ അഭ്യർഥിക്കുന്നു. പാട്ടിന്റെ വരികള്‍ അല്ലെങ്കില്‍ പശ്ചാത്തലം മനസ്സിലാകാത്തതിനാലായിരിക്കാം റഹ്‌മാന്‍ ഇങ്ങനെ ചെയ്‌തത്’, ഖാസി അനിര്‍ബന്‍ പറഞ്ഞു.