പ്രഫഷനൽ ഗായകർ വിവാഹ വിരുന്നുകളിലും മറ്റു സ്വകാര്യ ആഘോഷ വേദികളിലും പാടാൻ പോകുന്നതുമായി ബന്ധപ്പെട്ട് വാദപ്രതിവാദവുമായി ഗായകരായ നേഹ കക്കറും അഭിജീത് ഭട്ടാചാര്യയും..
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിൽ വിധികർത്താക്കളായി എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിൽ വ്യത്യസ്ത ആശയങ്ങളുടെ പേരിൽ വാക്പോരുണ്ടായത്.
പരിപാടിയിലെ ഒരു മത്സരാർഥിയുടെ പ്രകടനത്തിനു ശേഷം അഭിജീത് ഇങ്ങനെ പറഞ്ഞു, ‘വിവാഹവേദികളിൽ പാടുന്നത് നിങ്ങളുടെ പ്രശസ്തിയെയും കരിയറിനെയും ബാധിക്കും. ഞാൻ വിവാഹ ആഘോഷങ്ങൾക്കു വേണ്ടി പാടാറില്ല. എത്ര പണം മുടക്കിയാലും നിങ്ങളെ ആർക്കും വാങ്ങാൻ സാധിക്കുകയുമില്ല’.
എന്നാൽ അഭിജീതിന്റെ ഈ പ്രസ്താവനയോട് നേഹ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. ഗായകർ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിവാഹവേദികളിൽ ലഭിക്കുന്ന അവസരങ്ങൾ ഉപേക്ഷിക്കരുതെന്നും അങ്ങനെ പാടുന്നതിൽ യാതൊരു തെറ്റും ഇല്ലെന്നും നേഹ പറഞ്ഞു.
ഒരു ജോലിയെയും ചെറുതോ വലുതോ ആയി പരിഗണിക്കേണ്ടതില്ലെന്നും എല്ലാ ജോലിയും ജോലി തന്നെയാണെന്നും ഗായിക കൂട്ടിച്ചേർത്തു.
നേഹയും അഭിജീത്തും തമ്മിൽ സൗഹാർദപരമായി കാര്യങ്ങൾ പറഞ്ഞു തീർത്തെങ്കിലും വിഷയം ഇപ്പോൾ സജീവ ചർച്ചയായിരിക്കുകയാണ്. ഒരുകൂട്ടം ആളുകൾ നേഹയുടെ അഭിപ്രായം ശരിവച്ചപ്പോൾ മറുപക്ഷം അഭിജീത്തിന്റെ പ്രസ്താവനയെ പിന്തുണച്ചു.
ലോകവേദികൾ കീഴടക്കിയ ഗായകർ പോലും വിവാഹവേദികളിൽ പാടാൻ എത്താറുണ്ടെന്നും അപ്പോഴൊന്നും അവരുടെ അന്തസ്സിന് യാതൊരു കോട്ടവും സംഭവിച്ചില്ലെന്നും ചിലർ വാദിക്കുന്നു.
അനന്ത് അംബാനി–രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷത്തിൽ പാടാൻ ഗായിക റിയാന എത്തിയതും ഇതിനൊപ്പം ചർച്ചയാകുന്നുണ്ട്.
1 മണിക്കൂർ ദൈർഘ്യമുള്ള സംഗീതപരിപാടിക്കായി 74 കോടിയോളം രൂപ മുടക്കിയാണ് മുകേഷ് അംബാനി റിയാനയെ എത്തിച്ചത്. 2018 ൽ മകൾ ഇഷയുടെ വിവാഹത്തിന് ഗായിക ബിയോൺസിനെയാണ് അംബാനി പാടാനായി ക്ഷണിച്ചത്. ഇതിനു വേണ്ടി 50 കോടിയിലേറെ രൂപ ചിലവഴിച്ചിരുന്നു.