നിർമാണത്തിലെ പിഴവുകൾ മൂലം ചോർന്നൊലിച്ച ലൊസാഞ്ചലസിലെ വീട്ടിൽ നിന്നും മാറിത്താമസിക്കേണ്ടി വന്ന ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും ഒടുവിൽ സ്വഭവനത്തിലേക്കു തിരികെയെത്തി
വീടിന്റെ അകത്തളത്തിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പ്രിയങ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ‘വീട്ടിലായിരിക്കുക എന്നാൽ സ്വന്തം ആത്മാവിനെ പരിപോഷിപ്പിക്കും പോലെ’ എന്നു കുറിച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്. വീടിന്റെ ബാൽക്കണിയിൽ നിന്നുള്ള അവ്യക്തമായ സെൽഫിയും പ്രിയങ്ക പങ്കുവച്ചു.
മഴ പെയ്ത് വീട് ചോർന്നൊലിച്ച് വാസയോഗ്യമല്ലാതായതോടെ ജനുവരിയിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും മകൾ മാൾട്ടി മേരിയും ലൊസാഞ്ചലസിലെ വീടു വിട്ടത്.
നാല് മാസത്തോളം വീടിന്റെ നവീകരണപ്രവർത്തനങ്ങൾ നീണ്ടു. ഇക്കാലമത്രയും താരദമ്പതികളും മകളും താൽകാലിക വസതിയിലായിരുന്നു താമസം. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ മകൾക്കൊപ്പം ഇരുവരും സ്വവസതിയിലേക്കു തിരികെയെത്തുകയായിരുന്നു.
നിർമാണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വിൽപ്പനക്കാര്‍ക്കെതിരെ താരദമ്പതികൾ നിയമയുദ്ധത്തിലേർപ്പെട്ടിരിക്കുകയാണ്. മഴ പെയ്തതോടെ വീട് ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധയുണ്ടായെന്നും തന്മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നുവെന്നും പരാതിയിൽ പറയുന്നു.
മകളുടെ ജനനശേഷവും നിക്കും പ്രിയങ്കയും ഏറെ നാളുകൾ ലൊസാഞ്ചലസിലെ വീട്ടിൽ ചെലവഴിച്ചിട്ടുണ്ട്. ദമ്പതികളും മകളും വളർത്തുമൃഗങ്ങളും മാത്രമായിരുന്നു ആഡംബരവസതിയിലെ താമസക്കാർ. 1600 കോടി രൂപയാണ് ഈ വീടിന്റെ വില.