അനശ്വരതക്ക് ഒരു ശബ്ദമുണ്ടാവുമോ... മിക്കവാറും ഒന്നിലധികം ശബ്ദങ്ങളുണ്ടാവും... അങ്ങനെയാണെങ്കിൽ അതിലൊന്നു തീർച്ചയായും എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദമാവും.
ഏതാണ്ട് അര നൂറ്റാണ്ടിലധികം ഈ ഭൂമിയിലെ ഭാഷകളിലും, ഇക്കഴിഞ്ഞ ഒരു വർഷമായി മറ്റേതോ ലോകത്തും ഇരുന്നു കൊണ്ട് അദ്ദേഹം പാടുന്ന ഈണങ്ങൾ തന്നെ ആവാം ചിലപ്പോൾ അനശ്വരത.
ലോകം കോവിഡ് കാലത്തിന്റെ ഏറ്റവും വിലപിടിപ്പുള്ള നഷ്ടങ്ങളിൽ ഒന്നായി കാണുമ്പോഴും കാലം ആ പാട്ടുകൾ ഏറ്റു പാടി കൊണ്ടേയിരിക്കുന്നു.
1966 മുതൽ 2020 വരെ നീണ്ട കാലം കൊണ്ട് ഇന്ത്യൻ സിനിമ ഒരുപാടു മാറി, സിനിമാ പാട്ടുകൾ അതിലേറെ മാറി. പക്ഷേ ഒട്ടും മാറാതെ എസ്.പി.ബാലസുബ്രഹ്മണ്യം പാടി കൊണ്ടേയിരുന്നു. ആ പാട്ടുകളിൽ തലമുറകളുടെ പ്രണയ, വിരഹ, വിഷാദങ്ങൾ അലിഞ്ഞു ചേർന്നു.
എസ്പിബിയെ ഓർക്കാൻ പ്രത്യേകിച്ചു ഭാഷ ആവശ്യമില്ല എന്ന് ആലങ്കാരികമായി പറയുന്നതല്ല. 16ൽ അധികം ഭാഷകളിൽ പാടിയിട്ടുണ്ട് അദ്ദേഹം. അതിൽ തുളുവും സംസ്കൃതവും വരെ ഉൾപ്പെടും. 40,000ത്തിൽ അധികം പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തു വന്നു. ഒരു ദിവസം ഏറ്റവുമധികം പാട്ടുകൾ പാടി റെക്കോർഡിട്ടു.
അതോടൊപ്പം സംഗീതസംവിധായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായി. കമൽ ഹാസന്റെ മൊഴിമാറ്റ ചിത്രങ്ങളിൽ അദ്ദേഹത്തിനു വേണ്ടി ശബ്ദമായി. നടനായി വന്നും തിളങ്ങി.