നിരന്തരം സമൂഹമാധ്യമ ആക്രമണങ്ങൾ നേരിടുന്ന ഗായിക അമൃത സുരേഷിന് പിന്തുണയുമായി മുൻ പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ.
മുൻ ഭർത്താവ് ബാലയിൽ നിന്നും താൻ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചും ഇപ്പോഴും തുടരുന്ന സമൂഹമാധ്യമ അധിക്ഷേപങ്ങളോടു പ്രതികരിച്ചും അമൃത പങ്കുവച്ച കുറിപ്പിനു താഴെ കമന്റിലൂടെയാണ് ഗോപി സുന്ദർ പിന്തുണ പ്രഖ്യാപിച്ചത്.
നീ ശക്തയായ ഒരു സ്ത്രീയാണ്, ഏറ്റവും മികച്ചവൾ. കരുത്തുറ്റ അമ്മയായി നിലകൊള്ളൂ’ എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്.
വേർപിരിഞ്ഞെങ്കിലും അമൃതയും ഗോപി സുന്ദറും തമ്മിൽ ഇപ്പോഴും സൗഹൃദബന്ധമുണ്ടെന്നതിൽ സന്തോഷിക്കുന്നുവെന്നും പരസ്പരബഹുമാനത്തോടെ, പിന്തുണയോടെ ഇരുവരും മുന്നോട്ടു പോകട്ടെയെന്നും ആരാധകർ കുറിക്കുന്നു.
അമൃതയുടെ മകൾ പാപ്പു എന്ന അവന്തിക, അച്ഛൻ ബാലയ്ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങൾ വലിയ ചർച്ചകൾക്കു തുടക്കമിട്ടിരുന്നു. പിന്നാലെ അമൃതയെയും കുടുംബത്തെയും വിമർശിച്ചും പിന്തുണച്ചും നിരവധിയാളുകൾ രംഗത്തെത്തി.
ബാലയ്ക്കെതിരെ മുൻ ഡ്രൈവറും അമൃതയുടെ പേഴ്സനൽ അസിസ്റ്റന്റും തുടങ്ങി പലരും വെളിപ്പെടുത്തലുകൾ നടത്തിയതോടെ ചർച്ച മറ്റു തലങ്ങളിലേക്കു നീങ്ങി. പിന്നാലെയാണ് പ്രതികരണക്കുറിപ്പുമായി അമൃത എത്തിയത്.