വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഭാര്യ സൈറയുമായുള്ള ബന്ധം വേർപെടുത്തുകയാണെന്ന് റഹ്മാൻ അറിയിച്ചത്.
തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും അദ്ദേഹം എക്സ് ഹാൻഡിലിൽ കുറിച്ചു. വിവാഹജീവിതത്തിലെ 29 വർഷങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റഹ്മാനും സൈറയും വേർപിരിയാൻ തീരുമാനിച്ചത്.
‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്. ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’, എ.ആർ.റഹ്മാൻ കുറിച്ചു.
എ.ആർ.റഹ്മാനും സൈറയും വേർപിരിയുകയാണെന്ന വിവരം സൈറയുടെ അഭിഭാഷക വന്ദനാ ഷാ ആണ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.
ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾക്ക് ഒടുവിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായതെന്ന് വന്ദനാ ഷാ പറഞ്ഞു.
1995ലാണ് എ.ആർ.റഹ്മാനും സൈറയും വിവാഹിതരായത്. ഖത്തീജ, റഹീമ, അമീന്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട് ഇരുവർക്കും.