ടിക്കറ്റില്ലാതെ ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ചിലർ സംഗീതപരിപാടി കാണുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ പാട്ട് നിർത്തി ഗായകൻ ദില്‍ജിത്ത് ദോസഞ്ജ്. അഹമ്മദാബാദിൽ വച്ചു നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം.
വേദിയിൽ ദിൽജിത്ത് പാട്ട് പാടവെ സമീപത്തുള്ള ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന് ചിലർ പാട്ട് ആസ്വദിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ദിൽജിത്ത് പാട്ട് പകുതിയിൽ നിർത്തി.
‘നിങ്ങൾ ടിക്കറ്റ് ഇല്ലാതെയല്ലേ പാട്ട് കേൾക്കുന്നത്’ എന്ന് ദിൽജിത് വേദിയിൽ നിന്ന് വിളിച്ചു ചോദിച്ചു. തുടർന്ന് സദസ്സിലുണ്ടായിരുന്നവരോട്, അവിടെ ടിക്കറ്റ് എടുക്കാത്ത ചിലർ പാട്ട് കേട്ട് രസിക്കുന്നു എന്ന് പറഞ്ഞു. പിന്നാലെ പാട്ട് തുടരുകയും ചെയ്തു.
സംഭവത്തിന്റെ വിഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലായി. തുടർന്ന് ദിൽജിത്തിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി.
ദിൽജിത്തിന്റെ സംഗീതപരിപാടിയുടെ ടിക്കറ്റ് വിലയേക്കാൾ കൂടുതൽ നൽകിയാണ് അവർ ഹോട്ടലിൽ താമസിക്കുന്നതെന്നും അവരെ പരിഹസിച്ചത് ശരിയായില്ലെന്നും ചിലർ കുറ്റപ്പെടുത്തി.
അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഗായകൻ ദില്‍ജിത്ത് ദോസഞ്ജ്. മദ്യത്തെയും ലഹരിയെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകള്‍ പാടരുതെന്ന് ആവശ്യപ്പെട്ട് തെലങ്കാന സര്‍ക്കാര്‍ ഗായകന് നോട്ടിസ് അയച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. പിന്നാലെ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ദിൽജിത്ത് രംഗത്തെത്തിയിരുന്നു