മണിരത്നം സംവിധാനം ചെയ്ത ബോംബെയിലെ എല്ലാ ഗാനങ്ങളും കാലത്തെ അതിജീവിച്ച സൂപ്പർഹിറ്റുകളാണ്. സിനിമയുടെ തമിഴ് പതിപ്പിലെ ഗാനങ്ങൾ തന്നെയാണ് ഹിന്ദി പതിപ്പിലും ഉപയോഗിച്ചതെങ്കിലും ചില ഗാനങ്ങൾ ബോളിവുഡ് ഗായകരാണ് ആലപിച്ചത്. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഗായിക കെ.എസ്.ചിത്ര.
പിന്നണിയിൽ എല്ലാം ദക്ഷിണേന്ത്യൻ ഗായകരാണല്ലോ എന്ന ഓഡിയോ കമ്പനിയുടെ പരാതിയാണ് അങ്ങനെയൊരു മാറ്റത്തിന് എ.ആർ.റഹ്മാനെ പ്രേരിപ്പിച്ചതെന്ന് ചിത്ര പറയുന്നു.
O2 ഇന്ത്യ എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ചിത്രയുടെ വെളിപ്പെടുത്തൽ.’ബോംബെയിലെ ഉയിരെ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പ് തു ഹീ രേ എന്ന ഗാനം ഞാനാണ് ആദ്യം പാടിയത്. പിന്നീട് റഹ്മാൻജി എന്നെ വിളിച്ചു. ബോംബെയുടെ ഹിന്ദി പതിപ്പിനായി ഞാൻ പാടിയ ഒരു ഗാനം മറ്റേണ്ടി വരുമെന്ന് പറഞ്ഞു. സിനിമയിലെ പാട്ടുകളെല്ലാം പാടിയിരിക്കുന്നത് ദക്ഷിണേന്ത്യൻ ഗായകരാണല്ലോ എന്ന് ഓഡിയോ കമ്പനി പരാതി പറഞ്ഞെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വടക്കെ ഇന്ത്യയിൽ നിന്നുള്ള ഗായകരെക്കൂടി പിന്നണിയിൽ ഉൾപ്പെടുത്തണമെന്ന് അവർ നിർബന്ധം പറഞ്ഞു. റഹ്മാൻജി എന്നോട് അനുവാദം വാങ്ങിയിട്ടാണ് മറ്റൊരു ഗായികയെക്കൊണ്ട് അതു പാടിച്ചത്. അദ്ദേഹമല്ലാതെ മറ്റൊരാളും അതു ചെയ്യില്ല,’ ചിത്ര വെളിപ്പെടുത്തി.
'ഉയിരെ' എന്ന ഗാനം കെ.എസ്.ചിത്രയും ഹരിഹരനും ചേർന്നാണ് തമിഴിൽ ആലപിച്ചത്. ഹിന്ദിയിൽ അതേ ഗാനം വന്നപ്പോൾ കെ.എസ്.ചിത്രയ്ക്കു പകരം കവിത കൃഷ്ണമൂർത്തിയെ ആണ് റഹ്മാൻ തിരഞ്ഞെടുത്തത്.25000ത്തോളം ഗാനങ്ങൾ പല ഭാഷകളിലായി പാടിയിട്ടില്ലെന്നും കെ.എസ്.ചിത്ര വെളിപ്പെടുത്തി.
യഥാർഥത്തിൽ 18000ത്തോളം ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. എന്നാൽ പലരും ഗാനങ്ങളുടെ എണ്ണം പറയുമ്പോൾ അനാവശ്യമായി പെരുപ്പിച്ചു പറയാറുണ്ടെന്നു ചിത്ര പറഞ്ഞു.