ഐഐഎഫ്എ പുരസ്‌കാരത്തിനു പരിഗണിക്കാതിരുന്നതില്‍ പ്രതികരണവുമായി ഗായകൻ സോനു നിഗം. മികച്ച ഗായകനുള്ള പുരസ്‌കാരത്തിന് ആറ് ഗായകര്‍ക്കാണ് നാമനിര്‍ദേശം ലഭിച്ചത്. 'ആര്‍ട്ടിക്കിള്‍ 370' ലെ 'ദുവ 'എന്ന ഗാനം ആലപിച്ച ജുബിന്‍ നൗട്ടിയാല്‍ പുരസ്കാരത്തിന് അർഹനായി.
മികച്ച ഗായികയായി ശ്രേയ ഘോഷാൽ തിരഞ്ഞെടുക്കപ്പെട്ടു. 'ഭൂല്‍ ഭുലയ്യ' മൂന്നാം ഭാഗത്തിലെ 'ആമി ജേ തോമര്‍' എന്ന ഗാനമാണ് ശ്രേയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.ഇതേ സിനിമയില്‍ സോനു നിഗം ആലപിച്ച 'മേരേ ഠോലനാ സുന്‍' എന്ന ഗാനം വലിയ ജനപ്രീതി നേടിയതാണ്. അതുകൊണ്ടു തന്നെ സോനു നിഗമിനെ പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചയാവുകയും ചെയ്തു.ഇതിനിടെയാണ് ഗായകന്റെ പരസ്യ പ്രതികരണം.
ഐഐഎഫ്എയ്ക്ക് തന്റെ ഹൃദ്യമായ നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞ് സോനു പുരസ്കാര സമിതിയെ പരിഹസിച്ചു. നിങ്ങൾ രാജസ്ഥാന്‍ ഉദ്യോഗസ്ഥവൃന്ദത്തിന് മുന്നില്‍ ഉത്തരം പറയേണ്ടവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന ഒരു പരിപാടിയെയും അതേത്തുടര്‍ന്നുണ്ടായ വിവാദത്തെയുമാണ് 'രാജസ്ഥാന്‍' പരാമര്‍ശത്തിലൂടെ സോനു നിഗം അഭിസംബോധന ചെയ്തത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജയ്പൂരില്‍ നടന്ന ‘റൈസിങ് രാജസ്ഥാന്‍’ എന്ന പരിപാടിയിൽ സോനു നിഗം ഗാനം ആലപിക്കവെ അതിഥികളായ രാഷ്ട്രീയക്കാര്‍ ഇറങ്ങിപ്പോയി. സംഭവത്തിൽ സോനു നിഗം പ്രതികരണം അറിയിച്ചിരുന്നു.
ഒരു പരിപാടിയുടെ പകുതിയിൽ വച്ച് ഇറങ്ങിപ്പോകുന്നത് കലാകാരന്മാരോടു കാണിക്കുന്ന അനാദരവാണെന്നും അങ്ങനെ ചെയ്യാനാണെങ്കില്‍ പരിപാടിക്ക് വരാതിരിക്കുകയോ അല്ലെങ്കില്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് ഇറങ്ങിപ്പോവുകയോ ചെയ്യണമെന്നും സോനു വിമർശിച്ചു.
പിന്നാലെയാണ് ഐഐഎഫ്എ പുരസ്കാര വിവാദവും ഉണ്ടായത്.ഇരു വിഷയങ്ങളും ഇപ്പോൾ വലിയ ചർച്ചയായിക്കഴിഞ്ഞു. സോനുവിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. ഗായകനെ പുരസ്കാര സമിതി തഴഞ്ഞതിൽ കടുത്ത അമർഷമാണ് ആരാധകർ പ്രകടിപ്പിക്കുന്നത്.