ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാനുള്ള പദ്ധതിയുമായി റഷ്യയുടെ റൊസാറ്റം ന്യൂക്ലിയർ കോർപറേഷൻ.
പരമാവധി അര മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതനിലയം നിർമിക്കുകയാണു ലക്ഷ്യം.
ദൗത്യത്തിൽ റഷ്യയ്ക്കൊപ്പം ചേരാൻ ചൈനയും ഇന്ത്യയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം.
ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റൊസാറ്റം മേധാവി അലക്സി ലിഖാചേവാണ് പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്.
‘‘പരമാവധി അര മെഗാവാട്ട് വരെ ഊർജശേഷിയുള്ള ചാന്ദ്ര ആണവ വൈദ്യുതനിലയം നിർമിക്കാനാണു നീക്കം. ഞങ്ങളുടെ ചൈനീസ്, ഇന്ത്യൻ പങ്കാളികൾ ഇതിൽ വളരെ താൽപര്യം അറിയിച്ചിട്ടുണ്ട്. നിരവധി ബഹിരാകാശ പദ്ധതികൾ തുടങ്ങാനും ഞങ്ങൾ ശ്രമിക്കുന്നു.’’– അലക്സി ലിഖാചേവ് പറഞ്ഞു.
ചന്ദ്രനിൽ 2036ൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്നു റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് മേയിൽ പ്രഖ്യാപിച്ചിരുന്നു.
2050 ആകുമ്പോഴേക്കും ചാന്ദ്രതാവളം സ്ഥാപിക്കുക എന്ന സ്വപ്നത്തിനു ആണവപദ്ധതി മുതൽക്കൂട്ടാകുമെന്ന് ഇന്ത്യ കരുതുന്നതായി ‘ദ് യൂറേഷ്യൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു.
ചാന്ദ്ര പര്യവേഷണത്തിലും ഊർജോൽപാദനത്തിലും സുപ്രധാന ചുവടുവയ്പായി ആണവ റിയാക്ടർ മാറുമെന്നാണു കണക്കുകൂട്ടൽ.
സൗരോർജം ഉപയോഗിക്കുന്നതിൽ ചന്ദ്രനിൽ പരിമിതി ഉള്ളതിനാൽ തുടർച്ചയായ ഊർജസ്രോതസ്സായി മാറാൻ ആണവോർജം സഹായിക്കും.
ചന്ദ്രനിൽ ദീർഘകാല സാന്നിധ്യം ലക്ഷ്യമിടുന്ന മനുഷ്യർക്കും മറ്റു ദൗത്യങ്ങൾക്കും ഇതു സുപ്രധാന ഘടകമാകുമെന്നാണു വിലയിരുത്തൽ. ദീർഘകാലത്തേക്കു ചന്ദ്രനിൽ വാസസ്ഥലം ഒരുക്കാൻ ആണവ റിയാക്ടറുകൾ സഹായിക്കുമോയെന്ന രീതിയിൽ നാസയും ഗവേഷണം നടത്തുന്നുണ്ട്.