ഹസൻ നസ്റല്ലയുടെ പിൻഗാമി ആകാനിടയുള്ള ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.
കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇവരുടെ പേരുകൾ നെതന്യാഹു പറഞ്ഞില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂട്ടിൽ നടന്ന ബോംബാക്രമണങ്ങൾക്കുശേഷം മുതിർന്ന ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെക്കുറിച്ചു വിവരങ്ങളില്ല.
നസ്റല്ലയുടെ പിൻഗാമിയായി സഫിയുദ്ദീൻ ഹിസ്ബുല്ലയുടെ നേതൃത്വത്തിലേക്ക് വരുമെന്നാണ് കരുതിയിരുന്നത്.
ബെയ്റൂട്ടിൽ നടന്ന ബോംബാക്രമണത്തിൽ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞിരുന്നു. ഹിസ്ബുല്ല ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, നെതന്യാഹുവിന്റെ വിഡിയോ സന്ദേശത്തിൽ ലബനന് ശക്തമായ മുന്നറിയിപ്പും നൽകുന്നുണ്ട്. ഹിസ്ബുല്ലയെ ലബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ ഗാസയ്ക്ക് സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്