തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനു വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ഇന്നു നാമനിർദേശപത്രിക നൽകും.
11ന് കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്ക്കു ശേഷം 12.30നാണു പത്രിക നൽകുക.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും റോഡ് ഷോയിൽ പങ്കെടുക്കും.
രാജ്യത്തെ എല്ലാ കോൺഗ്രസ് മുഖ്യമന്ത്രിമാരും പ്രധാനപ്പെട്ട നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും എംപിമാർ ഉൾപ്പെടെ ജനപ്രതിനിധികളും റോഡ് ഷോയിലുണ്ടാകും
പ്രിയങ്ക ഗാന്ധി ഇന്നലെ രാത്രി വയനാട്ടിലെത്തിയിരുന്നു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്ര, മക്കളായ റൈഹാൻ, മിറായ എന്നിവരും ഒപ്പമുണ്ട്.
ഇന്നലെ വൈകിട്ട് ആറരയോടെ മൈസൂരുവിലെത്തിയ പ്രിയങ്കയും സംഘവും അവിടെനിന്നു റോഡ് മാർഗം ബന്ദിപ്പൂർ വനമേഖലയിലൂടെയാണു മുത്തങ്ങ അതിർത്തി കടന്നു രാത്രി ഒൻപതോടെ ബത്തേരിയിൽ എത്തിയത്.