സംസ്ഥാന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി തുടരുമെന്ന ഉറപ്പ് കേന്ദ്രത്തിനു നൽകി കഴിഞ്ഞ 3 വർഷമായി സംസ്ഥാന സർക്കാർ കടമെടുത്തത് 5,721 കോടി രൂപ.
കഴിഞ്ഞ 2 വർഷങ്ങളിൽ 3,723 കോടി രൂപയും ഇൗ വർഷം 1,998 കോടിയും വായ്പ വാങ്ങി. പദ്ധതി പിൻവലിച്ച് പകരം പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സർക്കാർ പുതിയ പദ്ധതിയെക്കുറിച്ചു പഠനം പോലും നടത്തിയിട്ടില്ല
പദ്ധതി തുടരുമെന്ന ഉറപ്പിൻമേൽ കടമെടുപ്പ് തുടരുന്നുണ്ടെങ്കിലും കേന്ദ്രവും ഒട്ടേറെ സംസ്ഥാനങ്ങളും നടപ്പാക്കിയതു പോലെ ഉയർന്ന വിഹിതം പെൻഷൻ ഫണ്ടിലേക്കു നിക്ഷേപിക്കാൻ ഇതുവരെ സർക്കാർ തയാറായിട്ടുമില്ല.
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ സംസ്ഥാനങ്ങൾ ഉറച്ചുനിൽക്കുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പാക്കിയവർക്ക് അധികം പണം കടമെടുക്കാൻ കേന്ദ്രം അനുമതി നൽകുന്നത്.
ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 10% ജീവനക്കാരും 10% സർക്കാരുമാണ് പെൻഷൻ ഫണ്ടിലേക്കു നിക്ഷേപിക്കുന്നത്.
ഇങ്ങനെ സർക്കാർ ഓരോ വർഷവും അടയ്ക്കുന്ന വിഹിതമാണ് അടുത്ത വർഷം സർക്കാരിനു കടമെടുക്കാൻ കേന്ദ്രം അനുവദിക്കുന്നത്.എന്നാൽ, ഇതിന് പദ്ധതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന സത്യവാങ്മൂലം ഓരോ വർഷവും ധനസെക്രട്ടറി കേന്ദ്രത്തിനു സമർപ്പിക്കണം.
ഈ പദ്ധതിക്കു പകരമൊരു പദ്ധതിയെക്കുറിച്ചു പഠിക്കാൻ ധനമന്ത്രിയും നിയമമന്ത്രിയും ചീഫ് സെക്രട്ടറിയും അംഗങ്ങളായ സമിതിയെ നിയമിച്ചിട്ട് ഒരു വർഷം പിന്നിട്ടു. സമിതി ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല.
ആകെയുള്ള അഞ്ചേകാൽ ലക്ഷം ജീവനക്കാരിൽ 1.98 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു കീഴിലാണ്.ആദ്യം കേന്ദ്രവും പിന്നാലെ മറ്റു സംസ്ഥാനങ്ങളും പദ്ധതിയിലെ സർക്കാർ വിഹിതം 14 ശതമാനമാക്കി വർധിപ്പിച്ചു. കേരളം ഇപ്പോഴും 10% മാത്രമാണു നൽകുന്നത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി ശുപാർശ ചെയ്തിട്ടു പോലും വിഹിതം കൂട്ടാൻ തയാറായിട്ടില്ല.