പണ്ടൊക്കെ മഴക്കാലമാകുമ്പോള്‍ വീടുകളില്‍ ഉണ്ടാക്കിയിരുന്ന ഒരു വിഭവമായിരുന്നു ആട്ടിന്‍ സൂപ്പ്. ആടിന്‍റെ കാലും തോളെല്ലുമെല്ലാം മണിക്കൂറുകളോളം വെള്ളത്തില്‍ വേവിച്ച് എടുക്കുന്ന ഈ സൂപ്പ്, ഒരു ഭക്ഷണം എന്നതിലുപരി, മരുന്നായാണ് കഴിക്കുന്നത്.
പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാനും മഴക്കാലങ്ങളിൽ വരുന്ന പനി, ചുമ, കൈ കാൽ വേദന എന്നിവയ്ക്കുമെല്ലാം ഉത്തമ ഔഷധമാണ് ഇത്.
സാവധാനത്തില്‍ വേവിച്ചെടുക്കുമ്പോള്‍, അസ്ഥികളിൽ നിന്ന് കൊളാജൻ, അമിനോ ആസിഡുകൾ, ധാതുക്കൾ, ജെലാറ്റിൻ തുടങ്ങിയ പോഷകങ്ങൾ സൂപ്പിലേക്ക് ഊറിയിറങ്ങുന്നതാണ് ആട്ടിന്‍സൂപ്പിനെ സ്പെഷ്യലാക്കുന്നത്.
സന്ധികളുടെ ആരോഗ്യം, ചർമത്തിന്റെ ഇലാസ്തികത, മുടി വളർച്ച എന്നിവയെ സഹായിക്കുന്ന കൊളാജന്‍ ആണ് ഇതിലെ പ്രധാന ഘടകം.
ഇതിലുള്ള ജെലാറ്റിൻ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.പേശികളുടെ അറ്റകുറ്റപ്പണികള്‍, രോഗപ്രതിരോധ പ്രവർത്തനം, ഹോർമോൺ നിയന്ത്രണം എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ അമിനോ ആസിഡുകള്‍ ഇതില്‍ ധാരാളമുണ്ട്.
അസ്ഥികളുടെ ആരോഗ്യം, ഊർജ്ജ ഉത്പാദനം, ഹൃദയത്തിൻ്റെ പ്രവർത്തനം എന്നിവയ്ക്ക് നിർണായകമായ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍, സന്ധികളുടെ ആരോഗ്യത്തിനും വീക്കം കുറയ്ക്കുന്നതിനും പേരുകേട്ട ഗ്ലൂക്കോസമൈൻ, കോണ്ട്രോയിറ്റിൻ എന്നിവ, ബി 12, ബി 6, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മട്ടന്‍ സൂപ്പ്.