ബ്രസീലിലെ തീരങ്ങളില്‍ നിന്ന് കടലുകള്‍ താണ്ടിയെത്തിയ കശുവണ്ടി ലോകം മുഴുവനും ജനപ്രിയമായ ഒന്നാണ്. കഴിച്ചു തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല!
ചുമ്മാ കഴിക്കാന്‍ മാത്രമല്ല, പ്രശസ്തമായ പല കറികളും കൂടുതല്‍ ക്രീമിയാക്കാന്‍ കശുവണ്ടി ചേര്‍ക്കാറുണ്ട്.
പായസതിലും ഉപ്പുമാവിലും ബിരിയാണിയിലുമെല്ലാം കൂടുതല്‍ രുചി പകരാന്‍ കശുവണ്ടി ചേര്‍ക്കാറുണ്ട്.
വളരെ ആരോഗ്യകരമായ ഭക്ഷണമായാണ് കശുവണ്ടിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് കഴിക്കേണ്ട അളവിലും രീതിയിലും തന്നെ വേണം കഴിക്കാന്‍. അല്ലെങ്കില്‍ ഗുണത്തിന് പകരം ദോഷകരമാകാന്‍ സാധ്യതയുണ്ട്.
കശുവണ്ടി ചുമ്മാ കഴിക്കുന്നതിനെക്കാളും, നല്ലത് കുതിര്‍ത്തുകഴിക്കുന്നതാണെന്ന് ആയുര്‍വേദം ശുപാര്‍ശ ചെയ്ത ഒരു കാര്യമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ അവ ശരീരത്തിന് പെട്ടെന്ന് ദഹിപ്പിക്കാനും ആഗിരണം ചെയ്യാനും പറ്റും.
കശുവണ്ടി ഉൾപ്പെടെയുള്ള നട്സില്‍ ഫൈറ്റിക് ആസിഡും എൻസൈം ഇൻഹിബിറ്ററുകളും അടങ്ങിയിട്ടുണ്ട്, ഇത് മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കള്‍ ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു.
സിങ്ക് രോഗപ്രതിരോധത്തിനും മഗ്നീഷ്യം എല്ലുകളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
കശുവണ്ടി കുതിർക്കുന്നത് ഈ സംയുക്തങ്ങൾ കുറയ്ക്കാനും ധാതുക്കളുടെ ജൈവ ലഭ്യത മെച്ചപ്പെടുത്താനും ആഗിരണം എളുപ്പമാക്കാനും സഹായിക്കുന്നു.
കശുവണ്ടിയിൽ ഒലിക് ആസിഡ് പോലുള്ള മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇവ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു. മിതമായ രീതിയില്‍ കുതിര്‍ത്തു കഴിക്കുമ്പോള്‍ ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.