വണ്ണം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും നിരവധി ഡയറ്റുകൾ നോക്കുന്നവരാണ് നമ്മൾ. പ്രധാനമായും അമിത വണ്ണം കുറയ്ക്കലാണ് ഈ ഡയറ്റുകൾ കൊണ്ടൊക്കെ നമ്മൾ ഉദ്ദേശിക്കുന്നതും.
പലപ്പോഴും എത്രയൊക്കെ നിയന്ത്രിച്ചാലും ഭക്ഷണക്രമീകരണങ്ങൾ നടത്തിയാലും തടി കുറയാറില്ല. അങ്ങനെയുള്ളവർക്ക് കൂട്ടുപിടിക്കാൻ പറ്റിയ ഐറ്റമാണ് വഴുതനങ്ങ. തലച്ചോറിനെ ആരോഗ്യമുള്ളതാക്കുന്നത് മുതൽ തടി കുറയ്ക്കുന്നത് വരെ വഴുതനങ്ങയുടെ ഗുണങ്ങൾ നിരവധിയാണ്.
നല്ല ആരോഗ്യത്തിന് വഴുതനങ്ങയിൽ ധാരാളം പോഷക ഗുണങ്ങളുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. കാർബോഹൈഡ്രേറ്റും കാലറിയും കുറവായതിനാൽ, വഴുതന ഉപഭോഗത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ എളുപ്പമാണ്.
മാത്രമല്ല, ഇതിലെ ഉയർന്ന ഫൈബർ ഉള്ളടക്കം നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കുന്നു. അതിനാൽ, നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലാണെങ്കിൽ, നിങ്ങളുടെ പങ്കാളിയായി വഴുതനങ്ങയെയും ഒപ്പം കൂട്ടാം.
ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ മാറ്റം വരുത്തണം. ഉയർന്ന കാലറിയ്ക്ക് പകരം കുറഞ്ഞ കാലറി ഉള്ള ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, ഭക്ഷണത്തിലെ നാരുകളുടെ അളവും വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇവിടെയാണ് വഴുതനങ്ങ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്.
വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് എന്ന പിഗ്മെന്റ് ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ‘മോശം’ എൽഡിഎൽ കൊളസ്ട്രോൾ കുറയ്‌ക്കാനും ‘നല്ല’ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കാനും ഇത് ഫലപ്രദമാണെന്ന് അറിയപ്പെടുന്നു.
വഴുതനങ്ങയിൽ കാർബോഹൈഡ്രേറ്റ്, കാലറി എന്നിവ കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണ പദ്ധതിയിൽ ഇതിന് ഉയർന്ന സവിശേഷതയുണ്ട്.
വഴുതനങ്ങയിലെ സാപ്പോണിൻ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ആഗിരണം ചെയ്യുന്നതിനും തടസ്സമുണ്ടാക്കുന്നു. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റിൽ വഴുതനങ്ങ ഉൾപ്പെടുത്താം.
വഴുതനങ്ങ തോരന്‍, തീയല്‍, മെഴുക്കുപുരട്ടി ഇങ്ങനെ പലവിധത്തില്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവയെല്ലാം വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്നു