കുറയുന്ന ക്രെഡിറ്റ് സ്കോർ നിങ്ങളുടെ സാമ്പത്തികാവശ്യങ്ങളെയും അതുവഴി ഭാവിജീവിതത്തെയും പ്രതികൂലമായി ബാധിച്ചേക്കും.
ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിങ്ങൾക്കു വായ്പ നൽകണോ, വേണ്ടയോ എന്നു തീരുമാനിക്കുന്നത് ഈ സ്കോറിനെ അടിസ്ഥാനമാക്കിയാണ്.
വായ്പകളുടെ പലിശപോലും ഈ സ്കോർ നോക്കിയാവും നിശ്ചയിക്കുക.
മൂന്ന് അക്കങ്ങൾകൊണ്ടു നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍, അവയുടെ ചരിത്രം എന്നിവ കൃത്യമായി വരച്ചിടുന്നു എന്നിടത്താണ് ക്രെഡിറ്റ് സ്കോറിന്റെ പ്രസക്തി
നിങ്ങളുടെ ബാങ്കിങ് ചരിത്രം പരിശോധിച്ച് ടെസ്റ്റ് റിപ്പോർട്ടു തയാറാക്കി സ്കോർ നിശ്ചയിക്കാൻ നിലവിൽ നാലു സ്ഥാപനങ്ങളാണുള്ളത്. CIBIL (Credit Information Bureau India Limited), EQUIFAX, EXPERIAN, CRIF HIGH MARK എന്നിവയാണ് ഈ നാലു ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ.
300മുതൽ 900വരെയുള്ള 3 അക്കങ്ങളിലൂടെയാണ് നിങ്ങളുടെ സ്കോർ വ്യക്തമാക്കുന്നത്.
750നും 900നും ഇടയ്ക്കാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്കിൽ വളരെ നല്ലതെന്നു കരുതാം. ബാങ്കുകളിൽനിന്നും മറ്റും ഏറ്റവും മികച്ച പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാവുന്ന സ്കോർ തന്നെയാണിത്.
സ്കോർ 700നും 750നും ഇടയിലാണെങ്കിൽപോലും മികച്ച സ്കോറായി കണക്കാക്കാം. എന്നാൽ ആദ്യം പറഞ്ഞ വിഭാഗത്തിനെക്കാൾ അൽപംകൂടി ഉയർന്ന പലിശയ്ക്കാവും ഇക്കൂട്ടർക്കു വായ്പ ലഭ്യമാകുക. എന്നാൽ സ്കോർ 600നു താഴെ പോയാൽ വായ്പ ലഭിക്കുകതന്നെ ദുഷ്കരമാകും.
പലർക്കുമുണ്ടാകുന്ന സംശയമാണ് സ്വന്തം ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് സ്കോർ കുറയാൻ കാരണമാകുമോ എന്നത്. നിങ്ങളുടെ സ്കോറിനെ പരിശോധന ഒരുതരത്തിലും ബാധിക്കില്ല.
അതേസമയം, നിങ്ങൾ വായ്പയ്ക്കായി സാമ്പത്തിക സ്ഥാപനത്തെ സമീപിക്കുകയും അവർ അതിനായി നിങ്ങളുടെ റിപ്പോർട്ടെടുക്കുകയും ചെയ്താൽ നിങ്ങളുടെ സ്കോർ വളരെ ചെറിയ നിരക്കിൽ താഴും. അതുകൊണ്ടാണ് പല ബാങ്കിൽ വായ്പാ അപേക്ഷ നൽകുമ്പോൾ സ്കോർ കുറയാം എന്നു പറയുന്നത്
മൂന്നു മാസത്തിലൊരിക്കലെങ്കിലും സ്കോർ സ്വയം ചെക്ക് ചെയ്യുന്നത് എന്തെങ്കിലും കാരണത്താൽ സ്കോർ കുറയുന്നുണ്ടോ എന്നറിയാൻ സഹായിക്കും.