കേരളത്തിന് സന്തോഷപ്പെരുന്നാൾ

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ബംഗാളിനെ തകർത്ത് (5–4) കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. കാത്തിരുന്ന കിരീടം നേടിയതോടെ ‘സന്തോഷപ്പെരുന്നാൾ’ ദിനത്തിലേക്കാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ കടന്നെത്തിയത്.

നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായി. ഷൂട്ടൗട്ടിൽ ബംഗാളിന്റെ രണ്ടാമത്തെ കിക്ക് പുറത്തേക്കു പോയി.

സന്തോഷ് ട്രോഫിയിൽ ഇത് ഏഴാം തവണയാണു കേരളം കിരീടം നേടുന്നത്. 2018–19 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. 1992–93 നു ശേഷം ആദ്യമായാണ് കേരളത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ കേരള ടീം കപ്പ് ഉയർത്തുന്നതും.

ഗോള്‍ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്സ്ട്രാ ടൈം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ മുഹമ്മദ് സഫ്നാദ് കേരളത്തിനായി ഗോൾ മടക്കി (1–1).

ഇരുപകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും ഒപ്പം നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories