2006നു ശേഷം ആദ്യ ലോകകപ്പ് സെമി സ്വപ്നം കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കൂട്ടർക്കും നിരാശയോടെ ഖത്തറിൽനിന്ന് മടക്കം
ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോയുടെ വിജയം. മത്സത്തിന്റെ ആദ്യപകുതിയിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്.
42–ാം മിനിറ്റിൽ മൊറോക്കോ ലീഡ് നേടിയ ശേഷം സമനില ഗോളിനായി ശ്വാസം മുട്ടിച്ച പോർച്ചുഗൽ താരങ്ങളെ മത്സരത്തിന്റെ ഭൂരിഭാഗം സമയവും പിടിച്ചുകെട്ടിയ പ്രതിരോധമികവുമായി പുതുചരിത്രമെഴുതി മൊറോക്കോയുടെ പടക്കുതിരകൾ സെമി ഫൈനലിൽ.
പകരക്കാരനായി ഇറങ്ങിയ വാലിദ് ഷെദീര രണ്ടാം മഞ്ഞക്കാർഡു വാങ്ങി പുറത്തുപോയതോടെ, അവസാന മിനിറ്റുകളിൽ 10 പേരുമായാണ് മൊറോക്കോ പോർച്ചുഗലിന്റെ അലകടലായുള്ള ആക്രമണങ്ങൾക്കു മുന്നിൽ പിടിച്ചുനിന്നത്.
പ്രീക്വാർട്ടറിൽ സ്പെയിനിനെ വീഴ്ത്തിയെത്തിയ മൊറോക്കോയുടെ ആദ്യ ലോകകപ്പ് സെമി പ്രവേശനമാണിത്.
ലോകകപ്പിന്റെ ചരിത്രത്തിൽ സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന റെക്കോർഡും മൊറോക്കോയ്ക്കു സ്വന്തം.
ഡിസംബർ 14നു നടക്കുന്ന രണ്ടാം സെമിയിൽ, ഫ്രാൻസ് – ഇംഗ്ലണ്ട് ക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.