ആവേശം പരകോടിയിലെത്തിയ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിനു തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐപിഎൽ കിരീടം
അവസാന 2 പന്തിൽ വേണ്ടത് 10 റൺസ് നേടി രവീന്ദ്ര ജഡേജയാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്
മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ 4 പന്തുകളിൽ മോഹിത് വിട്ടുകൊടുത്തത് 3 റൺസ് മാത്രം. അഞ്ചാം പന്ത് സിക്സും ആറാം പന്ത് ഫോറും അടിച്ചാണ് ജഡേജ ജയം ഉറപ്പിച്ചത്
മറുപടി ബാറ്റിങ് തുടങ്ങി ആദ്യ ഓവറിൽ തന്നെ മഴ കളി മുടക്കിയതോടെ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 ആയി പുനർനിർണയിച്ചിരുന്നു. തുടക്കം തൊട്ട് ആക്രമിച്ചു കളിച്ച ഋതുരാജ് ഗെയ്ക്‌വാദും (16 പന്തിൽ 26) ഡെവൻ കോൺവെയും (25 പന്തിൽ 47) ചെന്നൈയ്ക്ക് ആശിച്ച തുടക്കമാണ് നൽകിയത്
കളിയുടെ തുടക്കത്തിൽ മഴ മാറിനിന്നപ്പോൾ അഹമ്മദാബാദിൽ ഇടിവെട്ടിപ്പെയ്തത് തമിഴ്നാട്ടിൽ നിന്നുള്ള ഇരുപത്തിയൊന്നുകാരൻ സായ് സുദർശനായിരുന്നു. 47 പന്തിൽ 96 റൺസ് അടിച്ചു കൂട്ടിയ വൺഡൗൺ ബാറ്റർ സായിയുടെ മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഇരുനൂറു കടന്നത്
ഐപിഎൽ ചരിത്രത്തിൽ പത്താം ഫൈനൽ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം കിരീടമാണ് നേടിയത്. ഇതോടെ മുംബൈ ഇന്ത്യൻസിന്റെ അഞ്ച് കിരീടനേട്ടമെന്ന റെക്കോർഡിനൊപ്പം ധോണിപ്പട എത്തി