അവസാന പന്തു വരെ ആവേശം, സമനില... സൂപ്പർ ഓവർ... വീണ്ടും സൂപ്പർ ഓവർ... ഒടുവിൽ വിജയം ഇന്ത്യയ്ക്ക് സ്വന്തം
അഫ്ഗാനെതിരായ മൂന്നു മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പരനേട്ടം രാജകീയമാക്കി.
മത്സരത്തിലുടനീളം സൂപ്പർ സിക്സറുകളുമായി നിറഞ്ഞാടിയ ഹിറ്റ്മാന്റെ പ്രകടനവും രണ്ടാം സൂപ്പർ ഓവറിലെ രവി ബിഷ്നോയിയുടെ വിക്കറ്റ് നേട്ടവുമാണ് ആവേശ മത്സരത്തിന്റെ ഒടുവിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ഒപ്പണർമാരായ റഹ്മാനുള്ള ഗുർബസ് (32 പന്തിൽ 50) ഇബ്രാഹിം സദ്‍റാനും (41 പന്തിൽ 50) നൽകിയത്.
സ്കോർ 93ൽ നിൽക്കെയാണ് അഫ്ഗാന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. കുൽദീപ് യാദവിന്റെ ബോളിങ്ങിൽ വാഷിങ്ടൻ സുന്ദർ ക്യാച്ചെടുത്താണ് റഹ്മാനുള്ള പുറത്തായത്. തൊട്ടുപിന്നാലെ സദ്റാനും അസ്മത്തുള്ള ഒമറാസി(1 പന്തിൽ പൂജ്യം)യും പുറത്തായതോടെ അഫ്ഗാൻ പരുങ്ങി.
ആദ്യ സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശർമയും യശസ്വി ജയ്സ്‌വാളും 16 റൺസ് നേടി.
രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ ഉയർത്തിയ 11 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാന് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒരു റൺ നേടാനെ കഴിഞ്ഞുള്ളൂ. അതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് 10 റൺസ് ജയം.