ലയണൽ മെസ്സിയും ലൂയി സ്വാരെസും സ്കോർ ചെയ്തിട്ടും പ്രീസീസൺ പോരാട്ടത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനോടു തോറ്റ് ഇന്റർ മയാമി
മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് യുഎസ് ക്ലബ്ബിനെ അൽ ഹിലാൽ തകർത്തത്. ആദ്യ അരമണിക്കൂറിൽ തന്നെ രണ്ടു ഗോളുകൾ നേടി അൽ ഹിലാൽ മത്സരത്തിൽ പിടിമുറുക്കിയിരുന്നു.
10–ാം മിനിറ്റിൽ സെർബിയൻ താരം അലക്സാണ്ടർ മിട്രോവിച്ചും അബ്ദുല്ല അൽ ഹംദാനുമാണ് (13) സൗദി ക്ലബ്ബിനെ മുന്നിലെത്തിച്ചത്.
34–ാം മിനിറ്റിൽ ലൂയി സ്വാരെസിലൂടെ മയാമി ആദ്യ ഗോള്‍ നേടി. തൊട്ടുപിന്നാലെ അൽ ഹിലാലിനായി ബ്രസീലിയൻ താരം മൈക്കൽ മൂന്നാം ഗോൾ നേടി.
ഇടവേളയ്ക്കു ശേഷം ശക്തമായി മത്സരത്തിൽ തിരിച്ചെത്തിയ മയാമി കളി 3–3 എന്ന നിലയിലെത്തിച്ചു.
54–ാം മിനിറ്റിൽ ലയണൽ മെസ്സി പെനൽറ്റി ഗോളും 55–ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ വക ഗോളുമെത്തി.
മത്സരം സമനിലയില്‍ അവസാനിക്കുമെന്നു കരുതിയിരിക്കെയാണ് അൽ ഹിലാലിന്റെ വിജയ ഗോൾ പിറന്നത്. 88–ാം മിനിറ്റിൽ മാൽകോമിന്റെ വകയായിരുന്നു ഗോള്‍. മേജർ ലീഗ് സോക്കർ 2024 സീസണിനു മുന്നോടിയായി പ്രീസീസൺ പര്യടനത്തിലാണ് ഇന്റർ മയാമി.