ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിന് കന്നിക്കിരീടം.
ഫൈനല്‍ പോരാട്ടത്തിൽ ന്യൂസീലന്‍ഡ് ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 റൺസെടുക്കാനേ സാധിച്ചുള്ളൂ.
32 റൺസ് വിജയവുമായാണ് ന്യൂസീലൻഡ് വനിതാ ലോകകപ്പ് കിരീടമുയര്‍ത്തിയത്.
സ്കോർ– ന്യൂസീലൻഡ്: 20 ഓവറിൽ അഞ്ചിന് 158, ദക്ഷിണാഫ്രിക്ക: 20 ഓവറിൽ ഒൻപതിന് 126
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണു നേടിയത്.
38 പന്തിൽ 43 റൺസെടുത്ത അമേലിയ കെറാണ് കിവീസിന്റെ ടോപ് സ്കോറർ. സുസി ബെറ്റ്സ് (32), ബ്രൂക്ക് ഹാലി ഡേ (38) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.
റുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലെടുക്കാൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചില്ല.
ഓപ്പണർമാരായ ക്യാപ്റ്റൻ ലോറ വോൽവാഡും (27 പന്തിൽ 33), തസ്മിൻ ബ്രിറ്റ്സും (18 പന്തിൽ 17) നല്ല തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു നൽകിയത്.
ഓപ്പണിങ് വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർക്കാൻ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചു. എന്നാൽ ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക കൂട്ടത്തകർച്ചയെ നേരിടേണ്ടിവന്നു.
മധ്യനിര ബാറ്റർമാരിൽ ക്ലോ ട്രിയോണും (16 പന്തിൽ 14), ആനറി ഡെർക്സനും (ഒൻപതു പന്തിൽ 10) രണ്ടക്കം കടന്നു. വാലറ്റവും പൊരുതാതെ കീഴടങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ മറുപടി 20 ഓവറിൽ ഒൻപതിന് 126 എന്ന സ്കോറിൽ അവസാനിച്ചു.
തുടർച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലിൽ തോൽക്കുന്നത്. 2023 ൽ ഓസ്ട്രേലിയയോട് ദക്ഷിണാഫ്രിക്ക 19 റൺസിനു തോറ്റിരുന്നു.