നെഞ്ചിന്റെ ഇടത്തേമൂലയിൽ ആഞ്ഞു പതിച്ച 4 ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് ‘കാർഡിയാക് അറസ്റ്റ്’.
പെനൽറ്റിയിലൂടെ ഹെസൂസ് ഹിമെനെയും ക്ലാസിക് ഹെഡറിലൂടെ ക്വാമെ പെപ്രയും നൽകിയ പ്രഥമശുശ്രൂഷകൾ ഫലിച്ചില്ല.
നിക്കൊളാസ് കരേലിസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ 4–2നു ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ വിജയം പിടിച്ചെടുത്തു.
ഇരട്ട പെനൽറ്റിയിലൂടെ 9,55 മിനിറ്റുകളിൽ കരേലിസും 75–ാം മിനിറ്റിൽ നേഥൻ റോഡ്രിഗസും 90–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ലാലിയൻസുവാല ഛാങ്തെയും ആതിഥേയർക്കായി ഗോളടിച്ചുകൂട്ടി
2 ഗോളിനു പിന്നിൽ നിൽക്കെ 57–ാം മിനിറ്റിൽ ഹിമെനയുടെ പെനൽറ്റി ഗോളിലൂടെയും 71–ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ ഹെഡർ ഗോളിലൂടെയും ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചെങ്കിലും അതിരു കടന്ന ആഘോഷത്തിലൂടെ ജഴ്സിയൂരാൻ മുതിർന്ന പെപ്ര രണ്ടാം മഞ്ഞക്കാർഡിലൂടെ പുറത്തായതോടെ ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം നിലച്ചു.
തുടർച്ചയായ രണ്ടാം തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തായി. സീസണിലെ രണ്ടാം ജയവുമായി മുംബൈ ഏഴാം സ്ഥാനത്തേക്കു കയറി.