ആദ്യം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകളിൽ ഇന്ത്യയിൽ സമ്പൂർണ തോൽവി, പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സ്വന്തം നാട്ടിൽ സമ്പൂർണ തോൽവി. ഇപ്പോഴിതാ, അഫ്ഗാനിസ്ഥാനെതിരെ ഷാർജയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ബംഗ്ലദേശിന് കനത്ത തോൽവി.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 92 റൺസിനാണ് അഫ്ഗാൻ ബംഗ്ലദേശിനെ കെട്ടുകെട്ടിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ 49.4 ഓവറിൽ 235 റൺസിന് എല്ലാവരും പുറത്തായി.
താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലദേശ്, 34.3 ഓവറിൽ 143 റൺസിന് ഓൾഔട്ടായതോടെയാണ് ബംഗ്ലദേശ് കനത്ത തോൽവിയിലേക്ക് വഴുതിയത്.
236 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ബംഗ്ലദേശ് ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ച നിലയിലായിരുന്നു.
25.4 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലായിരുന്ന ബംഗ്ലദേശിന്, എട്ടു വിക്കറ്റ് കയ്യിലിരിക്കെ ശേഷിക്കുന്ന 146 പന്തിൽനിന്ന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 116 റൺസ് മാത്രം. എന്നാൽ, പിന്നീടങ്ങോട്ട് കൂട്ടത്തോടെ തകർന്നടിഞ്ഞ ബംഗ്ലദേശ് വെറും 23 റൺസിനിടെ ശേഷിക്കുന്ന എട്ടു വിക്കറ്റുകളും നഷ്ടമാക്കിയാണ് വൻ തോൽവി വഴങ്ങിയത്.
6.3 ഓവറിൽ ഒരു മെയ്ഡൻ സഹിതം 26 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ അള്ളാ ഗസൻഫാറാണ് ബംഗ്ലദേശിനെ തകർത്തത്. റാഷിദ് ഖാൻ എട്ട് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു