രാജ്യാന്തര ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ചറി നേടാൻ തിലക് വർമയ്ക്ക് ഇതിലും മികച്ചൊരു ഗ്രൗണ്ട് ലഭിക്കാനില്ല ! 57 പന്തിൽ പുറത്താകാതെ 107 റൺസുമായി തിലക് കൊട്ടിക്കയറിയ മൂന്നാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 11 റൺസിന്റെ ആവേശ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 219 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ ഹെയ്ൻറിച് ക്ലാസന്റെയും (22 പന്തിൽ 41) മാർക്കോ യാൻസന്റെയും (17 പന്തിൽ 54) വെടിക്കെട്ടിലൂടെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു.
എന്നാൽ 18–ാം ഓവറിൽ ക്ലാസനെ വീഴ്ത്തി കളി തിരിച്ച അർഷ്ദീപ് സിങ് അവസാന ഓവറിലെ മൂന്നാം പന്തിൽ മാർക്കോ യാൻസനെയും പുറത്താക്കിയതോടെ ആതിഥേയരുടെ പ്രതീക്ഷകൾ അസ്തമിച്ചു.
സ്കോർ: ഇന്ത്യ– 20 ഓവറിൽ 6ന് 219. ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 7ന് 208.
തിലകാണ് പ്ലെയർ ഓഫ് ദ് മാച്ച്. 4 മത്സര പരമ്പരയിൽ ഇതോടെ ഇന്ത്യ 2–1ന് മുന്നിലെത്തി. അവസാന മത്സരം നാളെ ജൊഹാനസ്ബർഗിൽ.
220 റൺസിന്റെ മികച്ച വിജയലക്ഷ്യമുയർത്തിയതിന്റെ ആലസ്യത്തിൽ ബോളിങ്ങിനിറങ്ങിയ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് ദക്ഷിണാഫ്രിക്ക കീഴടങ്ങിയത്.