മൂന്നു തുടർ തോൽവികളുടെ കണ്ണീർ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ രാവിൽ തുടച്ചു കളഞ്ഞു; ചെന്നൈയിൻ എഫ്സിക്കെതിരായ വിജയം എന്ന തൂവാല കൊണ്ട്! ജയിച്ചേ തീരൂ എന്നുറപ്പിച്ചു കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ചെന്നൈ മച്ചാൻമാരെ തീർത്തതു 3–0ന്.
ഹെസൂസ് ഹിമെനെയും (56–ാം മിനിറ്റ്) നോവ സദൂയിയും (70) കെ.പി.രാഹുലും (90+2) ഗോളവകാശികൾ.
രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും.
ഗോളുകൾ വഴങ്ങുന്ന ശീലം ഒഴിവാക്കണമെന്ന കോച്ച് മികായേൽ സ്റ്റാറെയുടെ നിർദേശം പ്രതിരോധനിര കേട്ടു; സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനു ക്ലീൻ ഷീറ്റ്.കഴിഞ്ഞ കളികളിൽ കൈകൾ ചോർന്ന ഗോൾകീപ്പർ സോം കുമാറിനു പകരം, ഗോൾവല കാക്കാൻ ഒന്നാം നമ്പർ ഗോളി സച്ചിൻ സുരേഷിനെ തിരിച്ചു വിളിച്ചതും പതിനേഴുകാരൻ അറ്റാക്കിങ് മിഡ്ഫീൽഡർ കോറോ സിങ്ങിനു വീണ്ടും ആദ്യ ഇലവനിൽ ഇടം നൽകിയതും പാളിയില്ല.
പോയിന്റ് പട്ടികയിൽ പത്തിൽ നിന്ന് എട്ടിലേക്കു കയറ്റം കിട്ടിയ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ ഗോവ എഫ്സി. മത്സരം 28നു കൊച്ചിയിൽ തന്നെ