ജാഗരൂകനായി ഇരിക്കുന്ന ഒരു കഴുകൻ, അതിനു താഴെ അനേകം ബിന്ദുക്കളിലേക്കു വിടർന്ന രക്തവർണമുള്ള ഒരു നക്ഷത്രം. ഈ മുദ്രയാണു സിഐഎയുടെ എംബ്ലം.
1941ൽ യുഎസ് നാവികത്താവളമായ പേൾ ഹാർബറിൽ ജപ്പാൻ നടത്തിയ ആക്രമണം മുൻകൂട്ടിയറിയുന്നതിൽ അമേരിക്കൻ പ്രതിരോധമേഖല പരാജയപ്പെട്ടതാണു സ്വന്തമായി മികവുറ്റ രഹസ്യാന്വേഷണ സംഘടന വേണമെന്ന ചിന്തയിലേക്ക് രാജ്യത്തെ നയിച്ചത്.
അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് ഇതിനായി യുദ്ധവീരൻ ജനറൽ വില്യം ഡൊണോവനെ ചുമതലപ്പെടുത്തി.
ഓഫിസ് ഓഫ് സ്ട്രാറ്റജിക് സർവീസസ് (ഒഎസ്എസ്) എന്നായിരുന്നു അപ്രകാരം രൂപീകരിച്ച സംഘടനയുടെ പേര്.
ലോകയുദ്ധം കഴിഞ്ഞ ശേഷം ആവശ്യമില്ലെന്നു പറഞ്ഞ് പ്രസിഡന്റ് ഹാരി ട്രൂമാൻ ആ സംഘടന പിരിച്ചുവിട്ടു.
താമസിയാതെ സോവിയറ്റ് യൂണിയനുമായി ശീതയുദ്ധം തുടങ്ങിയതോടെ രഹസ്യ സംഘം പുനരാരംഭിക്കാനുള്ള നടപടി തുടങ്ങി.1947ൽ ഒഎസ്എസിന്റെ പിൻഗാമിയായി സിഐഎ സ്ഥാപിതമായി. 75 വർഷം നീണ്ട പ്രവർത്തനകാലയളവിൽ അതിസാഹസികവും ലോകത്തെ ഞെട്ടിച്ചതുമായ ദൗത്യങ്ങൾ സിഐഎ ഏറ്റെടുത്തിട്ടുണ്ട്.
ഇതേ സമയം തന്നെ സിഐഎ അമ്പേ പരാജയപ്പെട്ട ദൗത്യങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് 1961ലെ ബേ ഓഫ് പിഗ്സ് മുന്നേറ്റം. ക്യൂബയിലെ ഫിദൽ കാസ്ട്രോ സർക്കാരിനെ അട്ടിമറിക്കാൻ വിമതരെ ഉപയോഗിച്ച് നടത്തിയ ഈ നീക്കം പൊളിഞ്ഞു.ഫിദൽ കാസ്ട്രോ സിഐഎയ്ക്ക് എന്നുമൊരു ബാലികേറാമലയായി നിന്നു. പല തവണ വധിക്കാൻ പദ്ധതിയൊരുക്കിയെങ്കിലും എല്ലാറ്റിൽ നിന്നും അദ്ഭുതകരമായി കാസ്ട്രോ രക്ഷപ്പെട്ടു.