മലർ മിസ്...പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ അധ്യാപിക. തമിഴ്നാട്ടിലും ഈ സിനിമ വൻവിജയമാകുകയും മലരിനെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. സായ് പല്ലവിയാണ് ആ കഥാപാത്രമായി അഭിനയിച്ചത്.ഇപ്പോഴിതാ മറ്റൊരു മലർ മിസ്, ചെന്നൈയിൽ നിന്ന് വന്നിരിക്കുന്നു
സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞുനിൽക്കുന്ന അതിസുന്ദരിയായ ഈ അധ്യാപിക പക്ഷേ മനുഷ്യസ്ത്രീയല്ല...സംഭവം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്...എഐ.
ലോകത്തെ ആദ്യത്തെ എഐ പ്രഫസർ എന്ന അവകാശവാദത്തോടെയാണ് മലരിന്റെ വരവ്.
തമിഴ്നാട്ടിലെ പ്രമുഖ സർവകലാശാലയായ അണ്ണാ യൂണിവേഴ്സിറ്റിയുടെ സിലബസ് മൊത്തം മലർ അരച്ചുകലക്കിക്കുടിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് മലരിൽ നിന്ന് വാട്സാപ് വഴി പഠിക്കാം, വിവിധ എൻജിനീയറിങ് വിഷയങ്ങളിൽ.മറ്റു പ്ലാറ്റ്ഫോമുകളൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ തന്നെ വാട്സാപ്പിലൂടെ പാഠങ്ങൾ പഠിക്കാം എന്നതാണ് മലർ എഐ മുന്നോട്ടുവയ്ക്കുന്ന ഗുണം.
100 വിദ്യാർഥികളിൽ നടത്തിയ അഭിപ്രായസർവേയ്ക്ക് ശേഷമാണ് വാട്സാപ്പിലൂടെ പാഠങ്ങൾ എന്ന തീരുമാനത്തിലേക്ക് മലരിന്റെ നിർമാണക്കമ്പനിയായ ഹായ്‌വ് എത്തിയത്.
അർജുൻ റെഡ്ഡി, ദീപിക ലോകനാഥൻ എന്നിവരാണ് ഹായ്‌വ് സ്റ്റാർട്ടപ്പിനു പിന്നിൽ.