2006ൽ ഹൈസ്കൂൾ കാലഘട്ടത്തിലാണ്, ജെന്നിഫറെന്ന യുവതി കൊല്ലപ്പെട്ടത്. മകൾ കൊല്ലപ്പെട്ടു ഏകദേശം 18 വർഷങ്ങൾക്കുശേഷം ഈ ഒക്ടോബറിൽ പിതാവിന് ഒരു ഗൂഗിൾ നോട്ടിഫിക്കേഷൻ ലഭിച്ചു. മകളെപ്പറ്റി പ്രചരിക്കുന്ന പുതിയ വാർത്ത എന്താണെന്ന് തേടിയ ഡ്രൂ ക്രെസെന്റ് ഞെട്ടിപ്പോയി.
ഒരു എഐ പ്രൊഫൈലായിരുന്നു മകളുടെ പേരിൽ വെബിൽ സൃഷ്ടിക്കപ്പെട്ടിരുന്നത്. അതിൽ ജെന്നഫറിന്റെ ഫോട്ടോയും ഒരു സാങ്കൽപ്പിക ജീവചരിത്രവുമാണ് ഉണ്ടായിരുന്നത്.
എഐ സൃഷ്ടിച്ച വ്യക്തിത്വങ്ങളുമായി ഇടപെടാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പ്ലാറ്റ്ഫോമായ Character.AIൽ ഒരു ചാറ്റ്ബോട്ട് സൃഷ്ടിക്കാൻ ജെന്നിഫറിന്റെ പേരും ചിത്രവും ഉപയോഗിക്കുകയായിരുന്നു.
ഇപ്പോൾ നീക്കം ചെയ്തിരിക്കുന്ന ആ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് അനുസരിച്ച്, സൈറ്റിലെ ആരോ സൃഷ്ടിച്ച ജെന്നിഫറിന്റെ ഡിജിറ്റൽ പതിപ്പുമായി നിരവധി ഉപയോക്താക്കൾ ഇടപഴകിയിട്ടുണ്ട്.
കൗമാരക്കാരുടെ നേർക്ക് ഡേറ്റിങുമായി ബന്ധപ്പെട്ട് അക്രമം തടയാൻ മകളുടെ പേരിൽ ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനം നടത്തുന്ന ക്രെസെന്റ്, കൊല്ലപ്പെട്ട ഒരു ഹൈസ്‌കൂൾ വിദ്യാർഥിയുടെ എഐ രൂപം കുടുംബത്തിന്റെ സമ്മതമില്ലാതെ സൃഷ്‌ടിക്കാൻ പ്ലാറ്റ്‌ഫോം അനുവദിച്ചതിൽ പരിഭ്രാന്തനായിരിക്കുകയാണ്.
പരിശീലനത്തിനും മറ്റുമായി ഇത്തരം വ്യക്തിപരമായ വിവരങ്ങളും ഉപയോഗിക്കുന്നതിൽ വലിയ ആശങ്കയാണ് കുടുംബം പ്രകടിപ്പിച്ചിരിക്കുന്നത്. മരിച്ചയാളുടെ സ്വകാര്യതയെയും ഓർമ്മയെയും ബഹുമാനിക്കേണ്ടതിൻ്റെ പ്രാധാന്യവും ഈ കുടുംബം എടുത്തുപറയുന്നു.