അമേരിക്കന്‍ പൗരത്വമുള്ള, ഇന്ത്യന്‍ വംശജയായ സുനിതാ ലിന്‍ സുനി വില്ല്യംസ് ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ബഹിരാകാശ യാത്രികരിൽ ഒരാളാണ്. അമേരിക്കയുടെ അഭിമാന ശാസ്ത്ര നേട്ടങ്ങളില്‍ ഒന്നായ ഐഎസ്എസിന്റെ കമാന്‍ഡറും ആയിട്ടുണ്ട് സുനിത.
അമേരിക്കന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷമാണ് സുനിത ബഹിരാകാശ സാഹസങ്ങൾ ആരംഭിച്ചത്. ബഹിരാകാശത്ത് ആകെ ചെലവഴിച്ചത് അറുനൂറിലേറെ ദിവസങ്ങൾ. സ്‌പേസ്‌വാക്കില്‍ ലോകത്തെ ഏറ്റവും അനുഭവസമ്പത്തുളള വ്യക്തികളിലൊരാള്‍.
ഒമ്പതു സ്‌പേസ്‌വാക്കുകള്‍ നടത്തിയിട്ടുണ്ട്-മൊത്തം സമയം 62 മണിക്കൂറും, 6 മിനിറ്റും. ഏതെങ്കിലും ഒരു വനിത നടത്തിയിരിക്കുന്ന സ്‌പേസ്‌വാക്കിന്റെ സമയത്തിന്റെ കാര്യത്തില്‍ റെക്കോഡ് ആണിത്.
ഒമ്പത് സ്‌പേസ്‌വാക്ക് നടത്തിയിരിക്കുന്ന സുനിത, ഇക്കാര്യത്തില്‍ എണ്ണത്തില്‍ വനിതകളില്‍ രണ്ടാമതാണ്, അമേരിക്കയിലെ ഒഹായോയിലുള്ള യുക്ലിഡില്‍ സെപ്റ്റംബര്‍ 19, 1965 ന് ആയിരുന്നു ജനനം. മുഴുവന്‍ പേര് സുനിതാ ലിന്‍ പാണ്ഡ്യ
സുനിത നാവിക സേനയില്‍ ചേരുന്നത് 1983ല്‍, യുഎസ് നേവല്‍ അക്കാദമിയില്‍ നിന്ന് ബാച്ച്‌ലര്‍ ഓഫ് സയന്‍സ് ഡിഗ്രിയുമായി ഗ്രാജ്യുവേറ്റ് ചെയ്യുന്നത് 1987ല്‍.
കോംബാറ്റ് ഹെലികോപ്റ്റര്‍ പറപ്പിക്കാനുള്ള പരിശീലനം ആരംഭിക്കുന്നത് 1989ല്‍. നേവല്‍ ടെസ്റ്റ് പദവി സ്വന്തമാക്കുന്നത് 1993ല്‍. ഫ്‌ളോറിഡാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് സയന്‍സ് ഡിഗ്രി നേടുന്നത് 1995ല്‍
സുനിത രണ്ടാമത്തെ തവണ നാസയില്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചത് 1997ല്‍. നാസയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് 1998ല്‍. (നാസാ ഗ്രൂപ്പ് 17). എക്‌സ്‌പെഡിഷന്‍ 14, എക്‌സ്‌പെഡിഷന്‍ 15 എന്നിവയുടെ ഭാഗമായി ആദ്യ ബഹിരാകാശ ദൗദ്യത്തിന് സുനിത ഇറങ്ങുന്നത് 2006ല്‍. 195 ദിവസമായിരുന്നു ബഹിരാകാശത്ത് ചിലവിട്ടത്.
ജൂണ്‍ 22, 2007 തിരിച്ച് ഭൂമിയിലിറങ്ങി. എക്‌സ്‌പെഡിഷന്‍ 32ന്റെയും എക്‌സ്‌പെഡിഷന്‍ 33ന്റെയും ഫ്‌ളൈറ്റ് എൻജിനീയര്‍ എന്ന നിലയില്‍ സേവനം നല്‍കിയിട്ടുണ്ട്. ഇത് 2012ല്‍. 127 ദിവസത്തെ ബഹിരാകാശവാസവും.
അമേരിക്കന്‍ കൊമേഴ്‌സ്യല്‍ സ്‌പേസ്ഫ്‌ളൈറ്റുകളിലെ ഏറ്റവുമാദ്യത്തെ സഞ്ചാരികളിലൊരാളായി സുനിത പ്രഖ്യാപിക്കപ്പെട്ടത് 2015ല്‍. ബോയിങ് സിഎസ്ടി-100 സ്റ്റാര്‍ലൈനര്‍ (സ്റ്റാര്‍ലൈനര്‍-1) ആദ്യ ഓപ്പറേഷണല്‍ മിഷന്റെ ഭാഗമായത് 2018ല്‍.
ബോയിങ് ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് മിഷന്റെ ഭാഗമായി സ്ഥാനമുറപ്പിച്ചത് 2022ല്‍. ബാരി വില്‍മോറുമൊത്ത് ബോയിങ് ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് ദൗത്യത്തിന്റെ ഭാഗമായി പോകുന്നത് ജൂണ്‍ 5, 2024ല്‍. ഇത് 8 ദിവസത്തേക്ക് മാത്രമെന്നു പറഞ്ഞായിരുന്നു പോയത്. സാങ്കേതിക തകരാര്‍ മൂലം ദൗത്യം നീണ്ടു.
സുനിതയും വില്‍മോറും സ്‌പെയ്‌സ്എക്‌സിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി 2025 ആദ്യം തിരിച്ച് ഭൂമിയിലെത്തുമെന്ന് നാസ അറിയിച്ചത് ഓഗസ്റ്റ് 2024ല്‍. സെപ്റ്റംബര്‍ 2024ല്‍ വീണ്ടും വീണ്ടും ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ നേതൃത്വം ഏറ്റെടുത്തു. (രണ്ടാമത്തെ തവണ.) ഡിസംബര്‍ 2024ല്‍ ബഹിരാകാശത്ത് 6 മാസവാസം പൂര്‍ത്തിയാക്കി.
ഇന്റര്‍നാഷണല്‍ സ്‌പെയ്സ് സ്റ്റേഷന്റെ നേതൃത്വം തിരിച്ചു കൈമാറിയത് 2025, മാര്‍ച്ച് 7ന്. മാര്‍ച്ച് 16, 2025ന് സ്‌പെയ്‌സ്എക്‌സ് ക്രൂ9 ദൗത്യത്തില്‍ തിരിച്ച് ഭൂമിയിലെത്തി. സുനിത നടത്തിയ സൈനികവൃത്തിയും അവരെ കുറച്ചൊന്നുമല്ല സാഹായിച്ചിരിക്കുന്നത്.
നേവല്‍ ഏവിയേറ്റര്‍, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളില്‍ ആര്‍ജ്ജിച്ചത് അസൂയാവഹമായ അനുഭവ സമ്പത്താണ്. പലതരം 30 വ്യോമയാനങ്ങളിലായി 3,00ലേറെ മണിക്കൂറാണ് സുനിത ചിലവിട്ടിരിക്കുന്നത്. കടുത്ത സമ്മര്‍ദ്ദം നേരിടേണ്ടി വരുന്ന സാഹചര്യങ്ങള്‍ക്ക് ഒരുങ്ങാന്‍ അവരെ പ്രാപ്തയാക്കിയത് ഈ അനുഭവങ്ങള്‍ കൂടെയാണ്.
ബഹിരാകാശ ദൗത്യങ്ങളില്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്ക് ഒരുങ്ങാനും അവരെ ഇത് സഹായിച്ചിട്ടുണ്ട്. സൈനിക സേവനത്തിനിടയില്‍ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ എത്തിയതാണ് ബഹിരാകാശ മേഖലയിലെ സാധ്യതകളെക്കുറിച്ച് ആരായാന്‍ സുനിതയ്ക്ക് പ്രേരണയായത്. ജോണ്‍ യങ്ങിനെ പോലെയുള്ള ബഹിരാകാശ സഞ്ചാരികളോട് സംസാരിക്കാന്‍ ഇടയായതും സുനിതയുടെ ജീവിതത്തില്‍ വഴിത്തിരിവായി.