ഭര്‍ത്താവ് തന്നെ സ്‌നേഹിക്കുന്നുണ്ടോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരമൊരു ചിന്തയിലൂടെ കടന്നുപോയിട്ടില്ലാത്ത ഭാര്യമാര്‍ ഒരുപക്ഷേ എണ്ണത്തില്‍ വളരെ ചുരുക്കമായിരിക്കും. ഭര്‍ത്താവ് സ്‌നേഹിക്കുന്നുണ്ടോയെന്ന് ഏതാനും ചിലകാര്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ കഴിയും. ഇതാ അതിനുള്ള ചില സൂചനകള്‍.
1 ഭര്‍ത്താവ് മുന്‍ഗണന നൽകുന്നത് നിങ്ങള്‍ക്കാണ്
എത്ര തിരക്കുള്ള ഭര്‍ത്താവുമാകട്ടെ ജീവിതത്തില്‍ അദ്ദേഹം ഒന്നാമതായി മുന്‍ഗണന നല്കുന്നത് നിങ്ങള്‍ക്കായിരിക്കും. ഒഴിവാക്കാനാവാത്ത അപൂര്‍വം ചില സന്ദര്‍ഭങ്ങളിലൊഴികെ എല്ലായ്‌പ്പോഴും നിങ്ങളെ പരിഗണിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് നിങ്ങളെ സംബന്ധിച്ച് ഒരുപ്രധാനപ്പെട്ട പരിപാടിക്ക് പങ്കെടുക്കണം. എന്നാല്‍ അദ്ദേഹത്തിന് ജോലിസംബന്ധമായ മറ്റ് പല തിരക്കുകളും കാണുമായിരിക്കാം. എന്നിട്ടും അയാള്‍ സമയം കണ്ടെത്തി അൽപ്പം ബുദ്ധിമുട്ട് സഹിച്ചാണെങ്കിലും നിങ്ങളെ അവിടെ കൊണ്ടുചെന്നെത്തിക്കുകയും തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നു.
2 അദ്ദേഹം നിങ്ങളെ ഒരിക്കലും മാറ്റാന്‍ ശ്രമിക്കുന്നില്ല
തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഭര്‍ത്താവ് നിങ്ങളെ ഒരിക്കലും മാറ്റാന്‍ ശ്രമിക്കുന്നില്ല. നിങ്ങളുടെ ഇഷ്ടങ്ങളെ അയാള്‍ മാനിക്കുന്നു. അവയോട് സഹിഷ്ണുത കാണിക്കുന്നു. തനിക്ക് വേണ്ടി ഭാര്യ എല്ലാ ഇഷ്ടങ്ങളും മാറ്റിവയ്ക്കണമെന്ന് അയാള്‍ ശഠിക്കുന്നതേയില്ല.
3 ജീവിതത്തിലെ ഏത് പരാജയവും സങ്കടവും നിങ്ങള്‍ക്ക് അദ്ദേഹത്തിന് മുമ്പില്‍പറയാനുള്ള സ്വാതന്ത്ര്യമുണ്ട്
ഏതെല്ലാം സങ്കടങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളാണ് ഓരോരുത്തരും. എന്നാല്‍ ആ സങ്കടങ്ങളെല്ലാം ജീവിതപങ്കാളിയോട് പലര്‍ക്കും തുറന്നുപറയാന്‍ കഴിയണമെന്നില്ല. മനസ്സിലാക്കാനുള്ള കഴിവില്ലായ്മയും ശ്രവിക്കാനുള്ള സന്നദ്ധതയില്ലായ്മയും കാരണം പലരും ഇത്തരം കാര്യങ്ങള്‍ പങ്കുവെയ്ക്കാൻ മടികാണിക്കുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ കഴിയുമെന്നു ഭര്‍ത്താവിലുള്ള വിശ്വാസം വലിയൊരു കാര്യമാണ്. അദ്ദേഹം നിങ്ങള്‍ പറയുന്നത് മുഴുവന്‍ കേട്ടിരിക്കും. ആശ്വസിപ്പിക്കും. പോംവഴികള്‍ നിര്‍ദ്ദേശിക്കും. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തും. ഇതെല്ലാം അദ്ദേഹം നിങ്ങളെ സ്‌നേഹിക്കുന്നു എന്നതിന്റെ അടയാളമാണ്.
4 വാക്കുകളെക്കാള്‍ പ്രവൃത്തികള്‍ കൊണ്ട് സ്‌നേഹിക്കും
വാക്കുകള്‍ കൊണ്ട് സ്‌നേഹിക്കുന്നവര്‍ ഏറിവരുകയും പ്രവൃത്തിയില്‍ സ്‌നേഹം കാണാത്തതുമാണ് ഇന്ന് ചുറ്റിനും കണ്ടുവരുന്നത്. ഇത് ദാമ്പത്യബന്ധത്തിലും പ്രകടമാണ്. നീയെന്റെ പ്രാണനാണ്,സര്‍വ്വസ്വമാണ് എന്നൊക്കെ തേന്‍മൊഴി പറയാന്‍ എളുപ്പമാണ്. പക്ഷേ ജീവിതത്തില്‍ അത് നടപ്പിലാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. പറയുന്ന വാക്കുകള്‍ ജീവിതത്തില്‍ നടപ്പിലാക്കുന്ന ആളാണ് നിങ്ങളുടെ ഭര്‍ത്താവെങ്കില്‍ അത് അയാള്‍ നിങ്ങളെ സ്‌നേഹിക്കുന്നതിന്റെ തെളിവാണ്.
5 നിങ്ങളുടെ സാന്നിധ്യം അയാള്‍ ഇഷ്ടപ്പെടുന്നു
നിങ്ങളെ കാണുമ്പോഴും നിങ്ങള്‍ അടുത്തുവരുമ്പോഴും മുഖത്തുണ്ടാകുന്ന സന്തോഷം, ശരീരഭാഷയിലുള്ള പ്രകടനങ്ങള്‍ ഇതെല്ലാം അദ്ദേഹം നിങ്ങളെ സ്‌നേഹിക്കുന്നുവെന്നാണ് പറയാതെപറയുന്നത്.
6 ആത്മീയവിഷയങ്ങളില്‍ ഐക്യമുണ്ടായിരിക്കും
നിങ്ങളുടെ ആത്മീയതയെ അയാൾ പരിഹസിക്കുകയില്ല. ഒരുപക്ഷേ പ്രാര്‍ത്ഥനയിലും ദൈവത്തിലും വിശ്വാസമില്ലാത്ത ആളാണെങ്കില്‍കൂടി നിങ്ങളുടെ ദേവാലയസന്ദര്‍ശനങ്ങള്‍ക്കോ പ്രാര്‍ത്ഥനകള്‍ക്കോ അയാള്‍ മുടക്കം പറയുകയില്ല. ഭാര്യയെ ക്ഷേത്രത്തില്‍ കൊണ്ടുവരാനും തിരികെ കൂട്ടാനും കാത്തുനിൽക്കുന്ന നിരീശ്വരവാദികളായ എത്രയോ ഭര്‍ത്താക്കന്മാരുണ്ട്. ഭാര്യയുടെ ആത്മീയത ക്രമേണ ഭര്‍ത്താവിലേക്ക് സംക്രമിക്കുന്നതിനും കാലം സാക്ഷി.