കുടുംബജീവിതത്തിലുണ്ടാകുന്ന താളപ്പിഴകള്‍ ഉടനടി പരിഹരിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ അത്തരമൊരു പ്രശ്‌നത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഇല്ലാത്തതോ അവയോട് അജ്ഞത പുലര്‍ത്തുന്നതോ ഭാവിയില്‍ കുടുംബജീവിതം തകരാറിലാക്കുകയും വിവാഹമോചനത്തില്‍ അവസാനിക്കുകയും ചെയ്‌തേക്കാം. തകര്‍ന്നുടയും മുമ്പ് കുടുംബജീവിതത്തെ ചേര്‍ത്തുപിടിക്കാനും പരസ്പരമുള്ള പിഴവുകള്‍ പരിഹരിക്കാനും ഇനിപറയുന്ന ചില സൂചനകള്‍ ഏറെ സഹായകമായേക്കാം.
മുഷിപ്പിക്കുന്നതും യാന്ത്രികതയുളവാക്കുന്നതുമായ ലൈംഗികബന്ധം
സെക്‌സ് എന്ന് കേള്‍ക്കുമ്പോഴേ മടുപ്പ് തോന്നുന്നുണ്ടോ? അതില്‍ ഏര്‍പ്പെടുമ്പോഴാകട്ടെ യാന്ത്രികത അനുഭവപ്പെടുന്നുണ്ടോ? ആലോചിച്ചു നോക്കുക. എവിടെയാണ് പ്രശ്‌നമെന്ന്.
നിരവധി പ്രശ്‌നങ്ങള്‍, പരിഹാരമാകട്ടെ ചിലതിന് മാത്രം
ദമ്പതികള്‍ പരസ്പരം പല പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടാകാം. എന്നാല്‍ അവര്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്നില്ല
സ്വഭാവഹത്യ
വ്യക്തിപരമായ അധിക്ഷേപം, ഭൂതകാലത്തെക്കുറിച്ചുള്ള മുറിപ്പെടുത്തുന്ന സംസാരങ്ങള്‍ എന്നിവയെല്ലാം ബന്ധം വഷളാക്കുന്നവയാണ്.
എല്ലാ സമയവും ദേഷ്യം
ദേഷ്യം സ്വഭാവികമാണ്.പക്ഷേ എല്ലാ കാര്യങ്ങളിലും എപ്പോഴും ദേഷ്യമുണ്ടാവുന്നത് ദമ്പതികളുടെ പരസ്പര ബന്ധത്തെ ഉലയ്ക്കും.
വിശ്വാസവഞ്ചന
ഒരു തവണ പോലും പങ്കാളി വിശ്വാസവഞ്ചന കാണിച്ചുവെന്ന് തെളിയിക്കപ്പെട്ടാല്‍ അത് സഹിക്കാന്‍ കഴിയുന്നവര്‍ വളരെ കുറവായിരിക്കും. അങ്ങനെയെങ്കില്‍ ആവര്‍ത്തിക്കപ്പെടുന്ന വിശ്വാസവഞ്ചനകളോ? തീര്‍ച്ചയായും അത് കുടുംബജീവിതത്തിന് വിരാമം കുറിക്കും.
സ്വാർഥത
തന്നില്‍ മാത്രം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പങ്കാളിയുടെ ആവശ്യങ്ങളെ അവഗണിക്കുകയോ വേണ്ടത്ര പരിഗണന നൽകാതിരിക്കുകയോ ചെയ്യുന്നത് ദാമ്പത്യബന്ധങ്ങളുടെ പ്രയാണത്തിന് വിഘാതം സൃഷ്ടിക്കും.
ഒരാള്‍ മാത്രം എപ്പോഴും ശരി അഥവാ ഒരാള്‍ മാത്രം എപ്പോഴും തെറ്റ്
താന്‍ മാത്രം ശരിയാണെന്നും പങ്കാളി എപ്പോഴും തെറ്റാണെന്നും ശഠിക്കുന്നത് ദാമ്പത്യബന്ധത്തെ അപകടത്തിലാക്കും. തിരുത്തലുകള്‍ മറ്റെയാള്‍ക്ക് മാത്രമാണ് എന്ന് ധരിക്കരുത്.. അവിടെ മാത്രമാണ് തെറ്റ് എന്നും വിധിയെഴുതരുത്.
ചുംബനങ്ങള്‍ക്ക് വിട
സ്‌നേഹപൂർവമായ ചുംബനങ്ങളും ആലിംഗനങ്ങളും ദാമ്പത്യത്തില്‍ കുറവുവരുന്നത് അപകടകരമായ സൂചനയാണ്.
സംഭാഷണമില്ലായ്മ
സംസാരിക്കാന്‍ താൽപ്പര്യമില്ലാത്തതും തുറന്നുപറയാന്‍ ഒന്നുമില്ലാത്തതും ബന്ധങ്ങളുടെ വരള്‍ച്ചയാണ് സൂചിപ്പിക്കുന്നത്.
സാമ്പത്തികം
പങ്കാളികളില്‍ ഒരാള്‍ മാത്രം ഏണിങ് മെംബറാകുന്നതും പണം ധാരാളമുള്ളതും ദാമ്പത്യബന്ധത്തിലെ വില്ലന്മാരായി വരുന്നുണ്ട്. അതുപോലെ പണം ഇല്ലാതെ വരുന്നതും. പണം കാര്യക്ഷമമായി വിനിയോഗിക്കാന്‍ കഴിയാത്തതും അറിഞ്ഞുകൂടാത്തതും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ധൂര്‍ത്തും ലുബ്ധും ഇവിടെ ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കും.